kalkki


തൃശൂർ: പട്ടാപ്പകൽ മോഷണം നടത്തുന്ന കൽക്കി സന്തോഷിന്റെ മോഷണ രീതി വ്യത്യസ്തം. പകൽ കറങ്ങി നടന്ന് ആളില്ലാത്ത വീടുകളും താക്കോൽ ഒളിപ്പിച്ചു വയ്ക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി അതെടുത്ത് വാതിൽ തുറന്ന് കവർച്ച നടത്തുന്നതാണ് ഇന്നലെ പിടിയിലായ പീച്ചി സ്വദേശി കൽക്കി എന്നറിയപ്പെടുന്ന സന്തോഷിന്റെ രീതിയെന്ന് പൊലീസ് പറഞ്ഞു.

ഷാഡോ പൊലീസും മണ്ണുത്തി പൊലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. 2018 ൽ നൂറോളം പവൻ സ്വർണ്ണാഭരണങ്ങൾ വീടുകളിൽനിന്ന് മോഷണം നടത്തിയ കേസുകളിൽ ഷാഡോ പൊലീസിന്റെ പിടിയിലായി ജയിലിൽ ആയതിനുശേഷം 2020 ആഗസ്റ്റ്മാസത്തിൽ ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങിയതിനുശേഷമാണ് പ്രതി ലക്ഷങ്ങളുടെ മോഷണങ്ങൾ നടത്തിയത്.
മാടക്കത്തറ വെള്ളാനിക്കരയിൽ കാലത്ത് വട്ടേക്കാട്ട് വീട്ടിൽ മനോജും കുടുംബവും വീട് പൂട്ടി ബന്ധുവീട്ടിലേക്ക് പോയ സമയത്ത് അലമാരയിൽ സൂക്ഷിച്ചിരുന്ന 6 പവൻ സ്വർണ്ണാഭരണങ്ങളും 90,000 രൂപയും മോഷണം പോയ കേസിൽ ഷാഡോ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് നിരവധി മോഷണക്കേസുകളിലെ പ്രതിയായ കൽക്കി സന്തോഷ് അറസ്റ്റിലായത്

മനോജും കുടുംബവും വീടുപൂട്ടി താക്കോൽ ചെടിച്ചട്ടിയിൽ വച്ച് പുറത്തേക്ക് പോകുകയും, കാലത്ത് 10.30 മണിക്ക് വീട്ടിൽ തിരിച്ചെത്തുകയും ചെയ്തു. തിരിച്ചെത്തിയ സമയത്ത് അവർ താക്കോൽ വച്ചിരുന്ന ചെടിച്ചട്ടിയിൽ തന്നെ താക്കോൽ ഉണ്ടായിരുന്നു. പിന്നീട് അലമാരയിൽ സൂക്ഷിച്ചിരുന്ന പണം എടുക്കാനായി നോക്കിയപ്പോഴാണ് കുടുംബം മോഷണവിവരം അറിയുന്നത്.

പ്രതിയെ കണ്ടെത്തുന്നതിനായി മോഷണം നടന്ന വീടിന്റെ സമീപത്തെ വീടുകളിലെയും സ്ഥാപനങ്ങളുടെയും സി.സി ടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും നിരവധി പേരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
ചിറേക്കേക്കോട് ആനന്ദ് നഗറിൽ താമസിക്കുന്ന മടിച്ചിം പാറ വീട്ടിൽ രവിയും കുടുംബവും വീടുപൂട്ടി താക്കോൽ തൂണിൽ വച്ച് പുറത്തുപോയ സമയത്ത് വീട്ടിൽ കടന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന 2,20,000 മോഷണം നടത്തിയതായി ഇയാൾ സമ്മതിച്ചിട്ടുണ്ട്. ചിറക്കെക്കോട് സൗഹൃദകൂട്ടായ്മ പാവപ്പെട്ട ആളുകളെ സഹായിക്കാനായി സ്വരൂപിച്ചുവച്ചിരുന്ന പണമാണ് മോഷ്ടിച്ചത്. ഈ മോഷണത്തിന്റെ പേരിൽ നാട്ടിലുള്ള പലരും സംശയനിഴലിൽ ആകുകയും ചെയ്തിരുന്നു.
ഒല്ലൂർ തൈക്കാട്ടുശ്ശേരിയിൽ വടക്കൂട്ട് വീട്ടിൽ പ്രശാന്തനും കുടുംബവും വീട് പൂട്ടി ക്ഷേത്രദർശനത്തിനായി പോയ സമയത്ത് അലമാരയിൽ സൂക്ഷിച്ചിരുന്ന 50 പവൻ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസ്, തലോർ മണലാട്ടി സ്വദേശി മുയലൻ വീട്ടിൽ അന്തോണിയുടെ പൂട്ടിയിട്ടിരുന്ന വീട്ടിൽ കടന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന 6 പവൻ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസ് എന്നിവ ഉൾപ്പെടെ മോഷണ പരമ്പരകളാണ് ഇയാൾ നടത്തിയതെന്ന് പൊലീസ് കണ്ടെത്തി.