thirumulpad

അനശ്വരമായ ആയുർവേദശാസ്ത്രത്തെ സമുദ്ധരിക്കുക എന്ന മഹത്തായ ഉദ്ദേശ്യം ജീവിതചര്യയാക്കിയ രാഘവൻതിരുമുൽപ്പാട് എളിമയുടേയും തെളിമയുടേയും പ്രതിരൂപമായാണ് ഇവിടെ നിശബ്ദമായി ജീവിച്ചിരുന്നത്. മൂന്ന് തലമുറകൾക്ക് ആയുർവേദത്തിന്റെ അസുലഭസിദ്ധികൾ പകർന്നു. 1920 മേയ് 20 ന് ചാലക്കുടയിൽ ജനിച്ച അദ്ദേഹം സംസ്‌കൃതവ്യാകരണം അഭ്യസിച്ചത് ഇന്ത്യൻ പ്രസിഡന്റ് അവാർഡ് നൽകി ആദരിച്ച സുബ്ബരാമപട്ടരിൽ നിന്നായിരുന്നു. 1941 ൽ സൗത്ത് ഇന്ത്യൻ റെയിൽവേയിൽ ഉദ്യോഗസ്ഥനായി. രോഗഗ്രസ്തനായിരുന്നതിനാൽ വിദഗ്ധചികിത്‌സ കൊണ്ടൊന്നും ഭേദമാകാതിരുന്നതുകൊണ്ട് ജോലി ഉപേക്ഷിച്ചു. പ്രസിദ്ധ ആയുർവേദവൈദ്യൻ പളളിപ്പുറത്ത് വാസുദേവൻ നമ്പീശന്റെ ചികിത്‌സയിൽ ആരോഗ്യം വീണ്ടെടുത്തു. ആയുർവേദത്തോടുളള ആദരവും ആഭിമുഖ്യവും കാരണം തന്നെത്തന്നെ ആയുർവേദത്തിന് സമർപ്പിക്കാനുളള അവസരമാക്കി മാറ്റി. നമ്പീശന്റെ വീട്ടിൽ താമസിച്ച് ഗുരുകുലരീതിയിൽ ആയുർവേദം അഭ്യസിച്ചു. കൊച്ചിൻ സർക്കാരിന്റെ വൈദ്യഭൂഷണം പരീക്ഷ ഒന്നാമനായി പാസായി. പഞ്ചകർമ്മചികിത്‌സയിൽ പ്രാവീണ്യം നേടി, തിരു-കൊച്ചി മെഡിക്കൽ കൗൺസിലിൽ എ ക്‌ളാസ് മെഡിക്കൽ പ്രാക്ടീഷണറായി. പൂർണമായും അനാദിയായ ആയുർവേദശാസ്ത്രത്തിന്റെ ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിച്ചു. ഭാരതസംസ്‌കാരത്തിന്റെ ഈടുവയ്പായ സംസ്‌കൃതഭാഷാപഠനം വ്യാപകമാക്കേണ്ടതിന്റെ പ്രാധാന്യം കണ്ടറിഞ്ഞു. അങ്ങനെ ശാസ്ത്രഗ്രന്ഥങ്ങളിലെ ദർശനികതലം സൂക്ഷ്മമായ ഇഴയടുപ്പത്തോടെ വിലയിരുത്താൻ അദ്ദേഹത്തിന് നിഷ്പ്രയാസം സാധിച്ചു. ആയുർവേദ കോളേജുകളിലെ അദ്ധ്യാപകർ ശിഷ്യരായി. സംസ്‌കൃതപഠനം വഴി ലഭിച്ച ഔന്നത്യം തിരുമുൽപ്പാടിന് വരും തലമുറകളിലേക്ക് കൂടി പങ്കുവയ്‌ക്കാൻ കഴിഞ്ഞു. ഗാന്ധിയൻ ദർശനത്തിലൂന്നി ടാഗോറിന്റെ ശാന്തിനികേതന്റെ മാതൃകയിലായിരുന്നു അദ്ധ്യാപനം. രോഗികളെ ചികിത്‌സിക്കുന്നതോടൊപ്പം ആധികാരിക ആയുർവേദഗ്രന്ഥങ്ങളിലെ അമൂല്യമായ വസ്തുതകൾ പങ്കുവയ്‌ക്കാനുളള തുറന്ന വേദി കൂടിയാക്കി മാറ്റി.
ആയുർവേദസിദ്ധാന്തങ്ങളുടെ അകക്കാമ്പ് തുറക്കുന്നതോടൊപ്പം ഓരോ രോഗത്തിനും ശരിയായ ചികിത്‌സ നിശ്ചയിക്കുന്നതിൽ ശിഷ്യരെ പ്രാപ്തരാക്കി. അവരാണ് ഏറ്റവും വലിയ സമ്പത്തെന്ന് തുറന്നു കാണിച്ചു. ഡോ.എം.എസ്.വല്യത്താനേയും ഒരു സാധാരണവിദ്യാർത്ഥിയേയും ഒരുപോലെ വീക്ഷിച്ചുപോന്നു. ബൃഹത്തും മഹത്തുമായ ആയുർവേദഗ്രന്ഥങ്ങളുമായി സ്വൈരസല്ലാപം നടത്തുന്നതിൽ ആത്മനിർവൃതി അനുഭവിച്ചിരുന്ന ഈ ആചാര്യൻ, ഭാരതത്തിന്റെ ആത്മാവ് ആയുർവേദത്തോട് അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നുവെന്ന് അനുഭവത്തിലൂടെ തെളിയിച്ചു. സംസ്‌കൃതഗ്രന്ഥങ്ങൾ സാധാരണക്കാർക്ക് മനസിലാക്കാനുളള ശ്രമത്തിന്റെ ആദ്യപടിയായി ഭഗവത്ഗീത, ദേവീമാഹാത്മ്യം തുടങ്ങിയവ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. പ്രകൃതിചികിത്‌സ സംബന്ധിച്ച ലേഖനസമാഹാരം, ഹൃദ്‌രോഗം, സമ്പൂർണ ആരോഗ്യശാസ്ത്രം എന്നീ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു. ആയുർവേദപരിചയം, ആയുർവേദ ദർശനം എന്നിവയും പുറത്തിറക്കി.
ആയുർവേദകോളേജുകളിലെ റഫറൻസ് ഗ്രന്ഥമായ അഷ്ടാംഗസംഗ്രഹം പ്രകാശികാവ്യാഖ്യാനം (12 പുസ്തകങ്ങൾ) ആചാര്യന്റെ അർപ്പണബോധത്തിന്റെ അടയാളങ്ങൾ കൂടിയാണ്. ചരകം, അഷ്ടാംഗഹൃദയം സൂത്രസ്ഥാനത്തിന്റെ വിസ്തൃതവ്യാഖ്യാനം എന്നിവയും അദ്ദേഹത്തെ ശ്രദ്ധേയമാക്കി. കോട്ടയ്ക്കൽ ആര്യവൈദ്യശാല സ്ഥാപകദിനത്തോടനുബന്ധിച്ച് നടത്താറുളള അഖിലഭാരത പ്രബന്ധമത്‌സരത്തിൽ 13 തവണ തുടർച്ചയായി സ്വർണമെഡലിന് അർഹനായതും ആയുർവേദത്തിൽ അദ്ദേഹത്തിന്റെ ആധികാരികത വ്യക്തമാക്കുന്നു. 2007ൽ കേരള സർക്കാരിന്റെ അഷ്ടാംഗരത്‌നയും അടക്കം നിരവധി അംഗീകാരങ്ങൾ തേടിയെത്തി. അക്കൂട്ടത്തിൽ, മരണാനന്തരം പത്മഭൂഷൺ ബഹുമതിയും
....................

(തിരുമുൽപ്പാടിന്റെ ശിഷ്യനാണ് ലേഖകൻ)