തൃശൂർ: സൂക്ഷ്മ പരിശോധന കഴിഞ്ഞ് ചിത്രം തെളിഞ്ഞതോടെ കൊവിഡ് പ്രോട്ടോക്കാൾ പാലിച്ച് വോട്ടർമാരുടെ മനസിലിടം നേടാനുള്ള കരുക്കൾ നീക്കുകയാണ് സ്ഥാനാർത്ഥികൾ. പരമാവധി തവണ വീടുകളിലെത്തി വോട്ടർമാരെ കാണാനുള്ള തിരക്കിലാണ് സ്ഥാനാർത്ഥികൾ. കൊവിഡ് മാനദണ്ഡം കർശനമായി പാലിക്കണം എന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെയും ആരോഗ്യ വകുപ്പിന്റെയും ഉത്തരവുള്ളതിനാൽ കരുതലോടെയാണ് പ്രവർത്തനം. പ്രോട്ടോക്കാൾ മറി കടക്കുന്നവരെ പിടികൂടാൻ അടുത്ത ദിവസങ്ങളിൽ സ്‌ക്വാഡുകൾ രംഗത്ത് ഇറങ്ങും. മൈക്ക് പ്രചാരണം, പൊതുയോഗം, കുടുംബ യോഗം എന്നിവ നിയന്ത്രണം പാലിച്ച് മാത്രം നടത്താൻ പാടുള്ളൂവെന്ന നിർദ്ദേശം സ്ഥാനാർത്ഥികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും തിരിച്ചടിയാണ്. ശക്തി പ്രകടനം നടത്തി ട്രെൻഡ് സൃഷ്ടിക്കാൻ സാധിക്കാതെ വരും. അത് മറി കടക്കാനുള്ള ബദൽ മാർഗം തേടുകയാണ്. സോഷ്യൽ മീഡിയ തന്നെയാണ് പലർക്കും ആശ്രയം. പക്ഷേ സാധാരണക്കാരെ എത്രത്തോളം സ്വാധീനിക്കാനാകുമെന്ന ആശങ്കയുണ്ട്. യുവതലമുറയാണ് കൂടുതലായും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത്. ഇവരിൽ പലർക്കും വ്യക്തമായ രാഷ്ട്രീയമുണ്ട്. വീട്ടമ്മമാരിലേക്കും വയോജനങ്ങളിലേക്കും എങ്ങനെ കടന്നുചെല്ലുമെന്നതാണ് സ്ഥാനാർത്ഥികളെ അലട്ടുന്നത്. കമ്മിഷൻ നിർദ്ദേശം അപ്പാടെ പാലിച്ച് പ്രചാരണം നടത്തിയാൽ എതിർ സ്ഥാനാർത്ഥി ജയിച്ചു കയറുമെന്നും ഇവർ പറയുന്നു. ഒറ്റയ്ക്കായാലും പരമാവധി വീടുകളിലെത്താനുള്ള ശ്രമമാണ് പലരും നടത്തുന്നത്.
ഗ്രൂപ്പുകൾ അഡ്മിൻ ഓൺലി
പ്രധാനമായും സോഷ്യൽ മീഡിയയിലുള്ള പ്രചാരണമാണ് ഇപ്പോൾ നടക്കുന്നത്. എന്നാൽ പല ഗ്രൂപ്പുകളിലും നൂറുകണക്കിന് പോസ്റ്റുകളാണ് ദിവസവും വരുന്നത്. അതുകൊണ്ട് തന്നെ ഇത്തരം പ്രചാരണം എത്രത്തോളം ഫലം കാണുമെന്ന ആശങ്കയും ഉയരുന്നുണ്ട്. പ്രാദേശികമായ പല ഗ്രൂപ്പുകളും അഡ്മിൻ ഓൺലിയായി മാറ്റിയതും തിരിച്ചടിയായിട്ടുണ്ട്. ഭൂരിഭാഗം ഗ്രൂപ്പുകളിലും വ്യത്യസ്ത പാർട്ടികളിൽ ഉൾപെട്ടവർ ആയതിനാൽ വാദപ്രതിവാദം ഉയർന്നു തുടങ്ങി.
ഗ്രൂപ്പിന്റെ മാനദണ്ഡം ലംഘിക്കുന്നുവെന്ന ആക്ഷേപം ഉയർന്നു തുടങ്ങിയതോടെയാണ് ഇത്തരം ഗ്രൂപ്പുകൾ അഡ്മിൻ ഓൺലിയാക്കി തടിതപ്പിയത്. മത സാമുദായിക സംഘടനകളുടെ ഗ്രൂപ്പുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതോടെ സ്വന്തമായി ഗ്രൂപ്പുകൾ തുടങ്ങി പരമാവധി വോട്ടർമാരെ അതിൽ ഉൾപ്പെടുത്തി പ്രചാരണം നടത്താനുള്ള ശ്രമത്തിലാണ് എല്ലാവരും.
ആശയ സംഘട്ടനം മുറുകുന്നു
സ്ഥാനാർത്ഥികളുടെ ചിത്രം സഹിതമുള്ള പോസ്റ്റുകളും വോട്ടഭ്യർത്ഥനകളും ഫേസ് ബുക്കുകളിലും മറ്റ് സാമൂഹിക മാദ്ധ്യമങ്ങളിലും നിറഞ്ഞതോടെ ഇതേച്ചൊല്ലിയുള്ള ആശയ സംഘട്ടനങ്ങളും മുറുകി. പല കമന്റുകളും അസഭ്യവർഷങ്ങളിലേക്ക് നീങ്ങുന്നതിനും ഇടയാക്കുന്നുണ്ട്. സാമൂഹിക മാദ്ധ്യമങ്ങളിലെ പ്രചാരണം അതിരു വിട്ടാൽ കർശന നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പ് പൊലീസ് നൽകിയിട്ടുണ്ട്.