തൃശൂർ : മലയോര - കാർഷിക മേഖല ഉൾപ്പെട്ട വാഴാനി ഡിവിഷൻ പിടിക്കാൻ കച്ചമുറുക്കി മുന്നണികൾ. എൽ.ഡി.എഫും, യു.ഡി.എഫും എൻ.ഡി.എയും ഇത്തവണ ശക്തരായ സ്ഥാനാർത്ഥികളെയാണ് കളത്തിലിറക്കിയത്. മാടക്കത്തറ, തെക്കുംകര പഞ്ചായത്തുകൾ പൂർണ്ണമായും മുളങ്കുന്നത്ത്കാവ്, പാണഞ്ചേരി പഞ്ചായത്തുകളിലെ എതാനും വാർഡുകളും ഉൾപ്പെടുന്നതാണ് വാഴാനി.
നിലവിലെ മാടക്കത്തറ പഞ്ചായത്ത് പ്രസിഡന്റ് പി.എസ് വിനയൻ എൻ.ഡി.എഫിനായി കളംപിടിക്കാൻ രംഗത്തിറങ്ങുമ്പോൾ മുൻ കോലഴി പഞ്ചായത്ത് പ്രസിഡന്റ് എൻ.എ സാബു യു.ഡി.എഫിനായും ഒ.ബി.സി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് റിഷി പൽപ്പു എൻ.ഡി.എയ്ക്കായും മത്സര രംഗത്തുണ്ട്. കഴിഞ്ഞ തവണ വനിതാ സംവരണമായിരുന്ന വാഴാനിയിൽ നിന്ന് വിജയിച്ച എൽ.ഡി.എഫിലെ മേരി തോമസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി. ഇത്തവണയും സീറ്റ് നിലനിറുത്താനാകുമെന്ന് എൽ.ഡി.എഫ് വിശ്വസിക്കുന്നു. എന്നാൽ എല്ലാ മുന്നണികൾക്കും വ്യക്തമായ സ്വാധീനമുള്ള ഡിവിഷനാണ് വാഴാനി. മാടക്കത്തറ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ മികച്ച പ്രവർത്തനം കാഴ്ച്ച വച്ചതിന്റെ അംഗീകാരം കൂടിയാണ് വിനയന്റെ ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥിത്വം. മുൻ ഡി.വൈ.എഫ്.ഐ നേതാവുമാണ്. കോലഴി പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, വൈസ് പ്രസിഡന്റ്, പ്രസിഡന്റ് തുടങ്ങി നിരവധി വർഷത്തെ പ്രവർത്തന പരിചയത്തോടെയാണ് സാബു മത്സരിക്കാനെത്തുന്നത്. യു.ഡി.എഫ് വടക്കാഞ്ചേരി നിയോജക മണ്ഡലം ചെയർമാനുമാണ്. ഒ.ബി.സി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റാണ് റിഷി പൽപ്പു. ബി.ജെ.പി മുൻ വ്യവസായ സെൽ കൺവീനറും നാഷണൽ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റുമാണ്. കൊവിഡിൽ ഓൺലൈൻ വിദ്യാഭ്യാസത്തിന് സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് ടാബ് ഉൾപ്പെടെ വിതരണം ചെയ്തും ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തും പൊതുപ്രവർത്തനത്തിൽ സജീവമായിരുന്നു. ആ പ്രവർത്തനങ്ങൾ തുണയാകുമെന്ന ആത്മവിശ്വാസത്തിലാണ് റിഷി പൽപ്പുവും.
വാഴാനി ഡിവിഷൻ