mmm
ടാറിംഗ് നടത്താതെ മാസങ്ങളായി കിടക്കുന്ന മണലൂർ തോപ്പിൽ റോഡ്

കാഞ്ഞാണി: മുൻ എം.പി സി.എൻ ജയദേവൻ്റെ വികസന ഫണ്ട് ഉപയോഗിച്ചുള്ള റോഡ് ടാറിംഗ് എങ്ങുമെത്താത്തതിൽ നാട്ടുകാരുടെ പരാതി. മണലൂർ പഞ്ചായത്തിൽ രണ്ടാം വാർഡിൽ തോപ്പിൽ റോഡ് ടാറിംഗ് നടത്തുന്നതിന് മുൻ എം.പി സി.എൻ ജയദേവൻ്റെ വികസന ഫണ്ടിൽ നിന്ന് 10.70 ലക്ഷം രൂപ അനുവദിച്ചിരുന്നു. 2019 ൽ കരാറുകാരൻ കരാർ വച്ച് പണി പൂർത്തീകരിക്കേണ്ടതിൻ്റെ കലാവധി കഴിഞ്ഞിട്ടും ടാറിംഗ് എങ്ങുമെത്തിയില്ല. എം.പി ഫണ്ട് ആയതിനാൽ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിനാണ് നിർമ്മാണ ചുമതല. മഴ കാരണമാണ് ടാറിംഗ് വൈകിയതെന്നാണ് അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് അധികൃതർ പറയുന്നത്. സി.എൻ ജയദേവന്റെ വീട്ടിലേക്ക് പോകാനുള്ള വഴിയുമാണ് ഇത്. രണ്ട് റോഡുകളെ ബന്ധിപ്പിക്കുന്നതും 408 മീറ്റർ നീളമുള്ളതുമായ റോഡ് ടാറിംഗിനായി മെറ്റലിംഗ് നടത്തിയിട്ട് മാസങ്ങളായി. ടാറിംഗ് വൈകുന്തോറും ഇതിലൂടെ നടന്നുപോകാനോ വാഹനങ്ങൾ കൊണ്ടുപോകാനോ കഴിയാതെ നാട്ടുകാർ ബുദ്ധിമുട്ടുകയാണ്. മുൻ എം.പിയോടുള്ള അവഗണനയാണ് ടാറിംഗ് വൈകിപ്പിക്കുന്നതിന് പിന്നിലെന്ന് ആരോപണമുണ്ട്.


എം.പി ഫണ്ട് ഉപയോഗിച്ച് തോപ്പിൽ റോഡിൻ്റെ മെറ്റലിംഗ് കഴിഞ്ഞിട്ട് മാസങ്ങളായിട്ടും ടാറിംഗ് നടത്താത്തത് അധികൃതരുടെ അനാസ്ഥയാണ്.


ആൻ്റണി എലുവത്തിങ്കൽ
സെക്രട്ടറി കോൺഗ്രസ് മണ്ഡലം സെക്രട്ടറി.


റോഡ് ടാറിംഗ് വൈകിയതിനെ കുറിച്ച് കരാറുക്കാരനോട് ചോദിക്കണം. പേപ്പർ വർക്കെല്ലാം കഴിഞ്ഞിട്ടുണ്ട്. ഇനി കരാറുകാരനാണ് ചെയ്യേണ്ടത്.

എം.കെ സദാനന്ദൻ

മണലൂർ പഞ്ചായത്ത് മുൻ മെമ്പർ.