തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ കൊവിഡ് പ്രോട്ടോക്കാൾ പാലിക്കണമെന്ന നിർദ്ദേശമുണ്ടെങ്കിലും ഇന്നലെ സൂക്ഷ്മ പരിശോധന നടന്ന സ്ഥലങ്ങളിൽ എല്ലാം വൻതിരക്കാണ് അനുഭവപ്പെട്ടത്. ജില്ലാ പഞ്ചായത്ത് ഡിവിഷൻ തിരഞ്ഞെടുപ്പിന്റെ പത്രികകളുടെ സൂക്ഷ്മപരിശോധന നടന്നത് കളക്ടറേറ്റിലായിരുന്നു.
രാവിലെ മുതൽ വൻതിരക്കാണ് അനുഭവപ്പെട്ടത്. 29 ഡിവിഷനുകളുള്ള ജില്ലാ പഞ്ചായത്തിലേക്ക് 168 പേരാണ് പത്രിക നൽകിയിരുന്നത്. കളക്ടറുടെ ചേമ്പറിലായിരുന്നു പരിശോധന നടന്നത്. പുറത്ത് ആൾക്കൂട്ടമുണ്ടായിരുന്നെങ്കിലും ഹാളിനകത്തേക്ക് രണ്ട് സ്ഥാനാർത്ഥികളെ മാത്രമാണ് കയറ്റിയത്. കോർപറേഷന്റെ പത്രിക പരിശോധന ഡി.എഫ്.ഒ ഓഫീസിലും ജില്ലാ വ്യവസായ കേന്ദ്രത്തിലുമാണ് നടന്നത്. ഗ്രാമ - ബ്ലോക്ക് പഞ്ചായത്തുകളിലേക്കും നഗരസഭയിലേക്കുമുള്ള സ്ഥാനാർത്ഥികളുടെ പത്രിക പരിശോധന നടന്ന സ്ഥലങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
പോസ്റ്ററുകളിൽ പേരും വിലാസവും വേണം
തൃശൂർ : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോസ്റ്റർ, ബാനറുകൾ, നോട്ടീസുകൾ, ലഘുലേഖകൾ എന്നിവയിൽ അച്ചടി സ്ഥാപനങ്ങളുടെ പേരും സ്ഥാപന ഉടമയുടെ പൂർണവിലാസവും രേഖപ്പെടുത്തേണ്ടതാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കളക്ടർ എസ്. ഷാനവാസ് അറിയിച്ചു. അച്ചടിച്ച് 10 ദിവസത്തിനകം അച്ചടിച്ച രേഖകളുടെ ഒരു പകർപ്പ് സഹിതം സത്യപ്രസ്താവന ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് ലഭ്യമാക്കണം. സത്യപ്രസ്താവനയ്ക്കൊപ്പം അച്ചടിച്ച രേഖയുടെ പകർപ്പുകളുടെ എണ്ണം, ആകെ ചെലവ് എന്നിവ ഫോറം എൻ5 എയിൽ അച്ചടി സ്ഥാപന ഉടമ ആധികാരികമായി സമർപ്പിക്കണം. ഇതുമായി ബന്ധപ്പെട്ട എൻ 5, എൻ 5എ ഫോറങ്ങൾ സ്ഥാനാർഥികൾക്ക്/ ഇലക്ഷൻ ഏജന്റിന് നൽകുന്നതാണ്. ബാനറുകൾ, ഹോർഡിംഗുകൾ സംബന്ധിച്ച പ്രൊഫോർമ ഫോറം എൻ5 ബിയിലാണ് സമർപ്പിക്കേണ്ടത്. കേരള പഞ്ചായത്ത് രാജ് ആക്ട് നിയമം വകുപ്പ് 124, കേരള മുനിസിപ്പൽ നിയമം, വകുപ്പ് 148 എന്നിവ പ്രകാരം ചട്ടലംഘനം ഗൗരവതരമായി കാണുന്നതും ഉചിതമെന്ന് കാണുന്ന പക്ഷം പ്രോസിക്യൂഷൻ നടപടികൾക്ക് പുറമെ, അച്ചടി സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നതുമാണ്.
വി. മുരളീധരൻ ഇന്ന് നാട്ടികയിൽ
തൃപ്രയാർ: കേന്ദ്രമന്ത്രി വി. മുരളീധരൻ ഇന്ന് നാട്ടികയിൽ. എൻ.ഡി.എ നാട്ടിക, വലപ്പാട് പഞ്ചായത്തുകളിലെ സ്ഥാനാർത്ഥികളുടെ സംഗമം മന്ത്രി ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3 ന് നാട്ടിക ശ്രീനാരായണ ഹാളിലാണ് സ്ഥാനാർത്ഥി സംഗമം.