കുറ്റിച്ചിറ: മലയോരം ആവരണവും കർഷകർ തിങ്ങി നിറഞ്ഞതുമായ കോടശേരി പഞ്ചായത്തിൽ തിരഞ്ഞെടുപ്പ് ആവേശം വാനോളം. പാരമ്പര്യമായി ഇടതുപക്ഷത്തോട് ചായ്‌വുള്ള കോടശേരിയിൽ മലയോര കർഷകരുടെ കുടിയേറ്റത്തോടെ കോൺഗ്രസിനും പ്രാമുഖ്യം കൈവന്നു. അതിനാൽ പഞ്ചായത്ത് ഭരണത്തിന് യു.ഡി.എഫിനും ഇവിടെ അവസരം കൈവന്നിട്ടുണ്ട്. ഇപ്പോൾ ഒന്നര പതിറ്റാണ്ടായി എൽ.ഡി.എഫ് ഭരണമാണ്. സി.പി.എമ്മിലെ ഉഷ ശശിധരൻ പ്രസിഡന്റായ കോടശേരിയ്ക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിന് ഏറെ പ്രത്യേകതകളുമുണ്ടായി. പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചയത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്തംഗം അങ്ങിനെ എല്ലാ ജനപ്രതിനിധികളും വനിതകളായത് ജനാധിപത്യത്തിന്റെ മറ്റൊരു കൗതുമായി.
മൂന്നു മുന്നണികളും അങ്കം മുറുക്കുമ്പോൾ ഇക്കുറി കോടശേരിയിലെ തിരഞ്ഞെടുപ്പ് വീറു വാശിയും നിറഞ്ഞതാകും. 20 അംഗങ്ങളുണ്ടായിരുന്ന ഭരണ സമിതിയിൽ എൽ.ഡി.എഫിന് 11 സീറ്റായിരുന്നു നിലവിലുണ്ടായിരുന്നത്. കോൺഗ്രസ് എട്ടിലും എൻ.ഡി.എ ഒരു സീറ്റിലും വിജയിച്ചു.
..........................
കുടിവെള്ളം പ്രശ്‌ന പരിഹാരത്തിന് ഇക്കുറി 12 പുതിയ പദ്ധതികൾ ആരംഭിച്ചു. അതിൽ ഒന്നാണ് കമ്മളം കുടിവെള്ള പദ്ധതി. കിഫ്ബി ഫണ്ട് ഉപയോഗിച്ച് അതിരപ്പിള്ളയിൽ നിന്നും തുടക്കമിട്ട സമഗ്ര കുടിവെള്ള പദ്ധതി പൂർത്തിയാകുമ്പോൾ ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കുന്നത് കോടശേരിക്കായിരിക്കും. പീലാർമുഴി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയിൽ പഞ്ചായത്തിന് പങ്കുണ്ട്. സെറാഫിക് കുന്ന് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയിലും പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചു. ലൈഫ് പദ്ധതി പ്രകാരം 86 വീടുകൾ നിർമ്മിച്ച് കൈമാറി.15 വീടുകളുടെ നിർമ്മാണം പൂർത്തിയാകുന്നു. എല്ലാ വിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ് മുറികൾ നിർമ്മിച്ചു. കുറ്റിച്ചിറ ഗവ.എൽ.പി സ്‌കൂളിന് പുതിയ കെട്ടിടം നിർമ്മിച്ചപ്പോൾ അനുബന്ധ സൗകര്യങ്ങൾക്ക് ലക്ഷങ്ങൾ ചെലവഴിച്ചു. റോഡുകൾ നവീകരിച്ചു. മലയോര ഹൈവേയുടെ നിർമ്മാണം ആരംഭിയ്ക്കാനിരിക്കെ അതിനു വേണ്ട എല്ലാ സഹായങ്ങളും നൽകി. പാലിയേറ്റീവ് കെയറിന്റെ പ്രവർത്തനം ആഴ്ചയിൽ മൂന്നു ദിവസമാക്കി വർദ്ധിപ്പിച്ചു. നിരവധി ഇടങ്ങളിൽ തെരുവു വിളക്കുകൾ സ്ഥാപിച്ചു. ലോക്ക് ഡൗൺകാലത്ത് രണ്ടു സമൂഹ അടുക്കള പ്രവർത്തിച്ച ഏക പഞ്ചയത്താണിത്. ദിനംപ്രതി 290 പേർക്ക് ഭക്ഷണവും വിതരണം ചെയ്തു.
- ഉഷ ശശിധരൻ (പഞ്ചായത്ത് പ്രസിഡന്റ്, എൽ.ഡി.എഫ് )
..........................................
വികസനത്തിൽ ഏറ്റും പിന്നിലായ പഞ്ചായത്താണിത്. സർക്കാർ പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കാനായില്ല. ലൈഫ് പദ്ധതി ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ്. കൃഷിയ്ക്ക് പാക്കേജ് കൊണ്ടുവന്നില്ല. കുറ്റിച്ചിറയിൽ സബ്ബ് സെന്റർ എന്ന ആവശ്യം ഇപ്പോഴും നിലനിൽക്കുന്നു. സുഭിക്ഷ കേരളം പദ്ധതിയിലും തികഞ്ഞ അനാസ്ഥ കാട്ടി. റോഡ് വികസനവും ഉണ്ടായില്ല. വന്യമൃഗ ശല്യം പരിഹരിക്കുന്നതിന് ഒന്നും ചെയ്യാനായില്ല.
- കെ.പി. ജെയിംസ് (പ്രതിപക്ഷം, യു.ഡി.എഫ്,)
....................................
പതിനഞ്ച് വർഷമായി എൽ.ഡി.എഫിന്റെ ഭരണം കോടശേരിയിൽ തികഞ്ഞ പരാജയമായിരുന്നു. കേന്ദ്ര സർക്കാർ പദ്ധതികൾ നടപ്പാക്കാതെ ഗുരുതരമായ വീഴ്ചയാണ് ഭരണ സമിതി നടത്തിയത്. പ്രധാന മന്ത്രി ആദർശ ഗ്രാമമായി കോടശേരി തിരഞ്ഞെടുത്തെങ്കിലും അതിന്റെ നടത്തിപ്പിന് ഭരണ സമിതി യാതൊന്നും ചെയ്തില്ല. ഇപ്പോഴും കുടിവെള്ള പ്രശ്‌നം രൂക്ഷമാണ്. പാർപ്പിട പദ്ധതികളും പൂർണ്ണമായില്ല. കെടുകാര്യസ്ഥതയുടെ ഏറ്റവും വലിയ ഉദാഹരണമായി ഭരണസമിതി മാറിയപ്പോൾ കാഴ്ചക്കാരായി നിൽക്കാനെ പ്രതിപക്ഷമായ യു.ഡി.എഫിന് സാധിച്ചുള്ളു.
- സുകു പാപ്പാരി (ബി.ജെ.പി പ്രസിഡന്റ്)