എരുമപ്പെട്ടി: വേലൂരിൽ കോൺഗ്രസിൽ വീണ്ടും ചേരിപ്പോര്, പല വാർഡുകളിലും ഒന്നിലധികം സ്ഥാനാർത്ഥികൾ. അന്തിമ തീരുമാനമെടുക്കാൻ കഴിയാതെ ഡി.സി.സി നേതൃത്വം. ചേരിപ്പോരും ഗ്രൂപ്പുവഴക്കും കൊണ്ടാണ് കഴിഞ്ഞ തവണ കോൺഗ്രസിന് പഞ്ചായത്ത് ഭരണം നഷ്ടപ്പെട്ടത്. അതിന്റെ തനിയാവർത്തനമാണ് ഇപ്പോഴും കാണാൻ കഴിയുന്നത്‌. വേലൂരിലെ കോൺഗ്രസിന്റെ ജീവ നാഡിയായിരുന്ന ചന്ദ്രൻ വട്ടം പറമ്പലിന്റെ മകനും യൂത്ത് കോൺഗ്രസ് നേതാവുമായ നിധീഷ് ചന്ദ്രനും, മുൻ പഞ്ചായത്ത് മെമ്പറും കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായ പി.പി. രാമചന്ദ്രനും അഞ്ചാം വാർഡിൽ സ്ഥാനാർത്ഥികളായി നാമനിർദേശ പത്രിക നൽകിയിട്ടുണ്ട്. രണ്ട് പേർക്കും സീറ്റിനായി കോൺഗ്രസുകാർ ചേരി തിരിഞ്ഞ് വലിയ തർക്കമാണ് നടക്കുന്നത്. ഇവരുൾപ്പടെ അഞ്ച് യു.ഡി.എഫ് സ്ഥാനാർത്ഥികളാണ് ഈ വാർഡിൽ നാമനിർദേശ പത്രിക സമർപ്പിച്ചിരിക്കുന്നത്. സ്വതന്ത്രരും എൽ.ഡി.എഫ് സ്ഥാനാർത്ഥികളും ഡമ്മി സ്ഥാനാർത്ഥികളും ഉൾപ്പടെ 11 സ്ഥാനാർത്ഥികൾ അഞ്ചാം വാർഡിലുണ്ട്. പി.പി. രാമചന്ദ്രന്റെ ഭാര്യയും മഹിളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റും കഴിഞ്ഞ പഞ്ചായത്തിലെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സനുമായ സ്വപ്ന രാമചന്ദ്രൻ മത്സരിക്കുന്ന 14 വാർഡിലും തർക്കമുണ്ട്. സ്വപ്ന ഉൾപ്പടെ നാല് സ്ഥാനാർത്ഥികൾ പത്രിക നൽകിയിട്ടുണ്ട്. ഇതിന് പുറമെ ഭൂരിഭാഗം വാർഡുകളിലും ഒന്നിലധികം കോൺഗ്രസ് സ്ഥാനാർത്ഥികളുണ്ട്‌. നേതാക്കൾ തമ്മിലുള്ള തർക്കം ഈ തിരഞ്ഞെടുപ്പിലും പ്രതികൂലമായി പ്രതിഫലിക്കുമോയെന്ന ആശങ്കയിലാണ് പ്രവർത്തകർ.