തൃശൂർ: പ്രാഥമിക സഹകരണ ജീവനക്കാരുടെയും കയർ, കൈത്തറി, ക്ഷീര, വ്യവസായ സഹകരണ സംഘങ്ങൾ എന്നീ ജീവനക്കാരുടെയും ശമ്പള പരിഷ്ക്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിൽ (എഐടിയൂസി ) തൃശൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സർക്കാർ ജീവനക്കാർക്ക് കൊവിഡിന്റെ പേരിൽ പിടിച്ച ശമ്പളം തിരിച്ചു കൊടുത്തത് പോലെ സഹകരണ ജീവനക്കാർക്കും തിരിച്ചു കൊടുക്കണം. മെഡിക്കൽ ഇൻഷ്വറൻസ് സ്കീമിൽ ജീവനക്കാരെയും ഉൾപ്പെടുത്തണം. ഇത്തരം നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോ- -ഓപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിൽ കൊടുങ്ങല്ലൂർ സിവിൽ സ്റ്റേഷന് മുമ്പിലും, തൃശൂർ എ.ആർ.ഓഫീസ്, മുകുന്ദപുരം എ.ആർ ഓഫീസ് എന്നിവിടങ്ങളിലും പ്രതിഷേധ ധർണ നടത്തി. കൊടുങ്ങല്ലൂരിൽ ജില്ലാ സെക്രട്ടറി എ.എസ് സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.തൃശൂർ അസിസ്റ്റന്റ് രജിസ്ട്രാറുടെ ഓഫീസിന്റെ മുന്നിൽ നടന്ന സമരം സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പി.എ.സജീവൻ ഉദ്ഘാടനം ചെയ്തു. മേഖല കമ്മിറ്റി സെക്രട്ടറി എൻ.കെ അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് കമ്മിറ്റി മെമ്പർ രേഖ രിതേഷ്, സുധീർ പുല്ലഴി എന്നിവർ സംസാരിച്ചു. മുകുന്ദപുരം എ.ആർ.ഓഫീസിന് മുന്നിൽ നടന്ന സമരം കെ.സി.ഇ.സി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് കെ.സി ബിന്ദു ഉദ്ഘാടനം ചെയ്തു.