വടക്കാഞ്ചേരി: മന്ത്രി എ.സി. മൊയ്തീന്റെ തട്ടകത്തിൽ കോൺഗ്രസിന് രണ്ടു സ്ഥാനാർത്ഥികൾ. തെക്കുംകര പഞ്ചായത്തിലെ പനങ്ങാട്ടുകര പതിനാറാം വാർഡിലാണ് കോൺഗ്രസിനായി രണ്ട് വനിതാ സ്ഥാനാർത്ഥികൾ മത്സരിക്കുന്നത്. കോൺഗ്രസ് സ്ഥാനാർത്ഥിയായി ബ്ലസി ജോണിനെയാണ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നത്.
അനിൽ അക്കര എം.എൽ.എ ഇവരെ ഷാളണിയിച്ച് വിജയാശംസകൾ നേർന്നു. എന്നാൽ പിന്നീട് ഇവിടെ കവിത മണികണ്ഠൻ കോൺഗ്രസ് സ്ഥാനാർത്ഥിയായി. ബ്ലസിയെ സ്ഥാനാർത്ഥിയാക്കിയതിൽ പാർട്ടിക്കുള്ളിലുണ്ടായ ചില പ്രശ്നങ്ങൾ മൂലമാണ് സ്ഥാനാർത്ഥിയെ മാറ്റിയതെന്ന് പറയുന്നു.
ഔദ്യോഗികമായി കവിത മണികണ്ഠൻ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെ ബ്ലസ്സി ജോൺ പിന്മാറാൻ തയ്യാറായിട്ടില്ല. ഇതിനിടെ സി.പി.എം മൂന്നാം സ്ഥാനത്ത് വരാറുള്ള പനങ്ങാട്ടുകരയിൽ മന്ത്രി എ.സി മൊയ്തീനെ രക്ഷിക്കാനുള്ള രാഷ്ട്രീയക്കളിയാണിതെന്ന് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.ആർ രജീഷ്, ജനറൽ സെക്രട്ടറി രാജീവൻ തടത്തിൽ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു. അതേസമയം വേലൂരിൽ അഞ്ചാം വാർഡിൽ അഞ്ച് യു.ഡി.എഫ് സ്ഥാനാർത്ഥികളുണ്ട്. പഞ്ചായത്തിൽ പലയിടങ്ങളിലും സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് തർക്കങ്ങളുണ്ട്. വിമത ശല്യവുമുണ്ട്.
വാടാനപ്പിള്ളിയിൽ എ ഗ്രൂപ്പിൽ തമ്മിലടി
തൃപ്രയാർ : സ്ഥാനാർത്ഥിത്വത്തെ ചൊല്ലി വാടാനപ്പിള്ളി പഞ്ചായത്തിൽ കോൺഗ്രസിലെ എ ഗ്രൂപ്പിൽ തമ്മിലടി. ആകെയുള്ള 18 സീറ്റിൽ അഞ്ചെണ്ണം മുസ്ലീം ലീഗിനും ഒരെണ്ണം വെൽഫെയർ പാർട്ടിക്കും നൽകിയിരുന്നു. ബാക്കിയുള്ളതിൽ കോൺഗ്രസിലെ എ ഗ്രൂപ്പിന് ലഭിച്ച ഏഴ് സീറ്റുകളിൽ മൂന്ന് സീറ്റുകൾ ജില്ലയിൽ എ ഗ്രൂപ്പിന് നേതൃത്വം നൽകുന്ന പി.എ മാധവൻ ടി.എൻ പ്രതാപന് അടിയറ വച്ചതായി മുൻ പഞ്ചായത്ത് അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. എ വിഭാഗത്തിൽപെടുന്ന കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻ്റ് ബിന്ദു ശശികുമാർ, സി.എൻ സുരജ, കർഷക സഹകരണ ബാങ്ക് പ്രസിഡൻ്റ് നാസിം എ. ജാഫർ എന്നിവരാണ് വാർത്താ സമ്മേളനത്തിൽ പങ്കെടുത്തത്. ഇവർ പഞ്ചായത്തിലേക്ക് റിബൽ സ്ഥാനാർത്ഥികളായി പത്രിക നൽകി. കാലാകാലങ്ങളായി എ ഗ്രൂപ്പിനായി നിലകൊള്ളുന്ന തങ്ങളെ തിരഞ്ഞെടുപ്പിൽ അവഗണിച്ചു. കെ.പി.സി.സി മെമ്പറായ സി.ഐ സെബാസ്റ്റ്യനോട് അടുപ്പം പുലർത്തുന്നവരായതിനാൽ സ്ഥാനാർത്ഥി ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയതായും ഇവർ ആരോപിച്ചു. പ്രവർത്തിക്കുന്നവരെ ഒഴിവാക്കുന്ന ജില്ലയിലെ എ ഗ്രൂപ്പ് നേതാക്കളുടെ നടപടി അവസാനിപ്പിക്കണമെന്നും ഉമ്മൻ ചാണ്ടിക്ക് പരാതി നൽകുമെന്നും നേതാക്കൾ പറഞ്ഞു.