ചാലക്കുടി: തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ പത്രിക സംബന്ധിച്ചുള്ള സൂക്ഷ്മ പരിശോധന പൂർണ്ണമായി. ചാലക്കുടി നഗരസഭയിലെ തിരഞ്ഞെടുപ്പിനുള്ള എല്ലാ പത്രികകളും സാധുവായി. വാർഡ് 21ലെ സ്വതന്ത്ര സ്ഥാനാർത്ഥി ബിന്ദു മാർട്ടിന്റ പത്രിക തള്ളണമെന്ന ആവശ്യം റിട്ടേണിംഗ് ഓഫീസറായ വാഴച്ചാൽ ഡി.എഫ്.ഒ എസ്.വി. വിനോദ് നിരാകരിച്ചു. മുൻസിഫ് കോടതിയിൽ നിലവിലുള്ള കേസിന്റെ വിവരം മറച്ചുവച്ചുവെന്നായിരുന്നു എതിർ സ്ഥാനാർത്ഥിയുടെ പരാതി. എന്നാൽ പ്രസ്തുത കേസ് നേരത്തെ അവസാനിച്ചതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാഴച്ചാൽ ഡി.എഫ്.ഒയുടെ പരിധിയിലെ 99 പത്രികകളും സ്വീകരിച്ചു. ചാലക്കുടി ഡി.എഫ്.ഒയുടെ കാര്യാലയത്തിലും സമർപ്പിക്കപ്പെട്ട എല്ലാ പത്രികളും സ്വീകരിച്ചു.