ചാലക്കുടി: നിയോജക മണ്ഡലത്തിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുടെ ചിത്രം തെളിഞ്ഞു. അതിരപ്പിള്ളി ഡിവിഷനിൽ പരിയാരം മുൻ പഞ്ചായത്ത് പ്രസിഡന്റ് ജെനീഷ് പി. ജോസാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ബിജു കാവുങ്ങലിനെയാണ് യു.ഡി.എഫ് കളത്തിറക്കിയത്. ബി.ഡി.ജെ.എസാണ് ഇവിടെ എൻ.ഡി.എയ്ക്ക് വേണ്ടി മത്സരരംഗത്തുള്ളത്. പി.എസ്. രാധാകൃഷ്ണനാണ് സ്ഥാനാർത്ഥി.

മറ്റത്തൂർ പഞ്ചായത്തിന്റെ ഒരുഭാഗംകൂടി ഉൾപ്പെടുന്ന അതിരപ്പിള്ളി ഡിവിഷനിൽ സി.പി.എമ്മിലെ സി.ജി. സിനിയാണ് കഴിഞ്ഞ തവണ വിജയിച്ചത്. സി.പി.എമ്മിലെ അഡ്വ. കെ.ആർ. സുമേഷ് പ്രതിനിധീകരിച്ചിരുന്ന കൊരട്ടി ഡിവിഷനിൽ ഇത്തവണ മുന്നണി കളത്തിറക്കിയത് കെ.കെ. ഷിജുവിനെയാണ്. ചാലക്കുടി ബ്ലോക്ക് പഞ്ചാത്ത് പ്രസിഡന്റായിരുന്നു കെ.കെ. ഷീജു. ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ലീല സുബ്രഹ്മണ്യനാണ് യു.ഡി.എഫ് സ്ഥാനാർത്ഥി.

പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്നു ലീല സുബ്രഹ്മണ്യൻ. ഇവിടെ എൻ.ഡി.എയുടെ സ്ഥാനാർത്ഥി സരസ്വതി രവിയാണ്. സ്ഥാനാർത്ഥികളുടെ പ്രാമുഖ്യത്താൽ ഇരു ഡിവിഷനുകളിലും മത്സരം കടുത്തതാകുമെന്നാണ് വിലയിരുത്തൽ.