തൃശൂർ: തിരഞ്ഞെടുപ്പിന് മുൻപ് നിരവധി സമര പരിപാടികളോടെ ഭരണപക്ഷമായ എൽ.ഡി.എഫിനെതിരെ രംഗത്ത് വന്ന് മേൽകൈ നേടിയ കോൺഗ്രസ്, തിരഞ്ഞെടുപ്പ് വേളയിൽ വിമതർ ഉയർത്തുന്ന വെല്ലുവിളിയിൽ നട്ടം തിരിയുന്നു!. കഴിഞ്ഞ തവണ നിസാര സീറ്റുകൾക്ക് ഭരണം നഷ്ടപ്പെട്ട കോൺഗ്രസ് ഇത്തവണ കോർപ്പറേഷൻ പിടിച്ചെടുക്കാനുള്ള പരിശ്രമത്തിനിടയിലാണ് ഇത്തരം ഭീഷണി തല പൊക്കിയിരിക്കുന്നത്. നിലവിൽ പത്തോളം ഡിവിഷനുകളിൽ കടുത്ത വെല്ലുവിളി സ്വന്തം പാർട്ടിക്കുള്ളിൽ നിന്ന് തന്നെ നേരിടുന്നുണ്ട്. എന്നാൽ പത്രിക പിൻവലിക്കാനുള്ള സമയം കഴിയുമ്പോഴേക്കും പ്രശ്നങ്ങൾ എല്ലാം പരിഹരിക്കുമെന്ന് നേതാക്കൾ അവകാശപെടുന്നു.
സീറ്റ് ചർച്ചയിൽ അവസാനം വരെ തർക്കം നില നിന്ന കിഴക്കുംപാട്ടുകരയിൽ കെ.പി.സി.സി സെക്രട്ടറി ജോൺ ഡാനിയേലിനെതിരെ കേന്ദ്ര ജീവനക്കാരുടെ സംഘടനാനേതാവ് കെ.ജെ റാഫിയും ഗാന്ധിനഗറിൽ മുൻ മേയർ രാജൻ.ജെ.പല്ലനെതിരെ ബൂത്ത് പ്രസിഡന്റ് ഡേവിഡ് മാളിയേക്കൽ, ഒ.ടി ബേബി എന്നിവരും മത്സരരംഗത്തുണ്ട്. കിഴക്കുമ്പാട്ടുകരയിൽ സീറ്റിനായി പിടിമുറുക്കുകയും തർക്കത്തിനൊടുവിൽ നെട്ടിശേരിയിലേക്ക് പോയ ബൈജു വർഗീസിനെതിരെ നിലവിൽ ആരും പത്രിക നൽകിയിട്ടില്ലെങ്കിലും ഡിവിഷനിൽ എതിർ സ്വരങ്ങൾ ഉയരുന്നുണ്ട്. തൈക്കാട്ടുശേരിയിൽ സന്ദീപ് സഹദേവനെതിരെ മുൻ കൗൺസിലർ കെ.എസ് സന്തോഷ്, നടത്തറയിൽ സന്തോഷിനെതിരെ കിരൺ.സി.ലാസറും മുക്കാട്ടുകരയിൽ പി.രോഹിണിക്കെതിരെ രേഖ സുരേന്ദ്രനും മത്സരരംഗത്തുണ്ട്. രാജൻ പല്ലൻ നിലവിൽ മൽസരിച്ചിരുന്ന പള്ളിക്കുളത്ത് ഐ.എൻ.ടി.യു.സി നേതാവിന്റെ ഭാര്യയാണ് മൽസരിക്കുന്നത്. ഇവിടെ ഡി.സി.സി ഭാരവാഹി കെ.എൽ.ഉണ്ണിയുടെ മകളും മൽസര രംഗത്തുണ്ട്. ഇന്നലെ സൂക്ഷ്‌മ പരിശോധന വേളയിൽ ഇവരിൽ ഭൂരിഭാഗം പേരും എത്തിയിരുന്നു. തിങ്കളാഴ്ചയാണ് പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം. സി.പി.ഐയിൽ കൃഷ്ണപുരത്തു നില നിൽക്കുന്ന പ്രശ്നം ഇതുവരെയും പരിഹരിക്കാൻ സാധിച്ചിട്ടില്ല. ഔദ്യോഗിക സ്ഥാനാർത്ഥി ബീന മുരളിക്കെതിരെ സി.പി.ഐയിൽ നിന്ന് ഏതാനും ദിവസം മുൻപ് പുറത്താക്കിയവർ ചേർന്ന് രൂപീകരിച്ച ജനകിയ മുന്നണി കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. എന്നാൽ ഇവരുടെ നീക്കം വിലപോകില്ലെന്നു സി.പി.ഐ ജില്ലാ നേതൃത്വം പറയുന്നു. യു.ഡി.എഫിൽ ഇവിടെ മത്സരിക്കുന്നത് ലീഗ് സ്ഥാനാർത്ഥിയാണ്.