തൃശൂർ: കേരളത്തിലെ സ്വകാര്യ മേഖലയിലെ ആയുർവേദ ഡോക്ടർമാർക്കും ആശുപത്രികൾക്കും കൊവിഡ് രോഗികളെ ചികിത്സിക്കാൻ അനുമതി നൽകണമെന്നും സർക്കാർ ഉത്തരവ് കൃത്യമായി നടപ്പാക്കുന്നുണ്ടോ എന്ന് വിലയിരുത്തി രേഖപ്പെടുത്തണമെന്നും ആയുർവേദ മരുന്ന് നിർമ്മാതാക്കളുടെ സംഘടനയായ ആയുർവേദിക് മെഡിസിൻ മാനുഫാക്ചറേഴ്സ് ഓർഗനൈസേഷൻ ഒഫ് ഇന്ത്യ ഭാരവാഹികൾ വെബിനാറിൽ ആവശ്യപ്പെട്ടു.
ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആയുർവേദയിൽ ആയുർവേദ പ്രോട്ടോകോൾ അനുസരിച്ച് മരുന്നുകൾ നൽകി ചികിത്സിച്ച ഒരു ആരോഗ്യപ്രവർത്തകനും കൊവിഡ് പൊസിറ്റീവ് ആയില്ല എന്നത് തെളിയിച്ചതാണ്. കൊവിഡ് ചികിത്സയ്ക്ക് ആയുർവേദത്തിന്റെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനായി സംസ്ഥാന സർക്കാർ ഡോ. രാജ്മോഹന്റെ നേതൃത്വത്തിൽ വിദഗ്ദ്ധ സമിതി രൂപീകരിച്ചിരുന്നു.
കമ്മിറ്റി തീരുമാനപ്രകാരം സർക്കാരിന്റെ കീഴിലുള്ള ഡിസ്പെൻസറികളെ ആയുർരക്ഷാ ക്ലിനിക്കുകളാക്കി മാറ്റി. ക്ലിനിക്കുകളിൽ ചികിത്സയ്ക്ക് വന്ന 3 ലക്ഷം പേർക്ക് ആയുർവേദ മരുന്നും നൽകി. മരുന്ന് കഴിച്ചവർക്ക് നടത്തിയ ടെസ്റ്റിൽ മൂന്ന് ശതമാനം പേർക്ക് മാത്രമാണ് രോഗബാധയുണ്ടായത്. രോഗികളിൽ ആർക്കും ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടായില്ല. ചികിത്സാരേഖ കൃത്യമായി സൂക്ഷിച്ച്, കണ്ടെത്തിയ വിവരങ്ങൾ പ്രകാരം റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിരുന്നു.
ആയുർവേദ ചികിത്സയ്ക്കും അനുമതി നൽകിയതിൽ സർക്കാരിനെ അനുമോദിക്കുന്നതായും ആയുർവേദത്തിന്റെ ഈറ്റില്ലമായ കേരളത്തിൽ മാത്രമല്ല, വിദേശത്ത് വരെ ആയുർവേദത്തിന്റെ സാദ്ധ്യതകളെ പ്രയോജനപ്പെടുത്താൻ സാധിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് ഡോ. പി. രാംകുമാർ, ജനറൽ സെക്രട്ടറി ഡോ. ഡി. രാമനാഥൻ, ട്രഷറർ അഷ്ടവൈദ്യൻ ഡോ. ഇ.ടി നീലകണ്ഠൻ മൂസ്, ഡോ. എ.വി. അനൂപ് (മെഡിമിക്സ് ഗ്രൂപ്പ്), ഡോ. മനോജ് കാളൂർ (ആര്യ വൈദ്യവിലാസിനി, കോഴിക്കോട്), ഡോ. ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി (ഇടൂഴി വൈദ്യശാല കണ്ണൂർ) എന്നിവർ ചൂണ്ടിക്കാട്ടി. കൊവിഡ് പ്രതിരോധത്തിന് ആയുർവേദം ഫലിച്ചിട്ടും പഠനറിപ്പോർട്ട് ഫയലിൽ ഒതുങ്ങിയതായി കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.