vadasery

കാഞ്ഞാണി (തൃശൂർ): ചെറുപ്പത്തിൽ അച്ഛനോടൊപ്പം പാർട്ടിസമ്മേളനങ്ങളിലും ജാഥകളിലുമൊക്കെ ഒന്നിച്ച് പങ്കെടുത്ത സഹോദരങ്ങൾക്ക് തദ്ദേശതിരഞ്ഞെടുപ്പിൽ പാർട്ടി സമ്മാനിച്ചത് സ്ഥാനാർത്ഥിക്കുപ്പായം. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയിൽ മുഖ്യപങ്കുവഹിച്ച കണ്ടശ്ശാംകടവ് മാമ്പുള്ളി വടശ്ശേരി നാരായണന്റെയും കൗസല്യയുടെയും എട്ടു മക്കളിൽ നാലുപേരായ വി.എൻ. സുർജിത്ത്, സഹോദരിമാരായ മേനക മധു, രജനി തിലകൻ, ഷീബ ചന്ദ്രബോസ് എന്നിവരാണ് അരിവാൾ ചുറ്റിക നക്ഷത്രത്തിൽ വോട്ടു തേടുന്നത്.

ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം, സി.പി.എം ഏരിയ കമ്മിറ്റി അംഗം, കർഷകസംഘം ഏരിയ സെക്രട്ടറി, പഞ്ചായത്ത് മുൻ പ്രസിഡന്റ് അങ്ങനെ നിരവധി ചുമതലകൾ വഹിച്ചിട്ടുള്ള വി.എൻ. സുർജിത്ത് അന്തിക്കാട് ഡിവിഷനിൽ നിന്ന് ജില്ലാ പഞ്ചായത്തിലേക്കാണ് മത്സരിക്കുന്നത്. അദ്ധ്യാപികയായിരിക്കെ കെ.എസ്.ടി.എയിലും സി.ഡി.എസ് ചെയർപേഴ്സണായും മഹിള അസോസിയേഷൻ അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റുമായ മേനക മധു അന്തിക്കാട് പഞ്ചായത്തിലെ 13-ാം വാർഡ് സ്ഥാനാർത്ഥിയാണ്. ആലപ്പാട് സർവീസ് സഹകരണബാങ്ക് ഡയറക്ടറും മഹിള അസോസിയേഷൻ ചാഴൂർ പഞ്ചായത്ത് പ്രസിഡന്റുമായ രജനി തിലകൻ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് ചാഴൂർ ഡിവിഷനിലാണ് മത്സരിക്കുന്നത്. ഷീല ചന്ദ്രബോസ് വാടാനപ്പിള്ളി പഞ്ചായത്തിൽ മൂന്നാം വാർഡിലും ജനവിധി തേടുന്നു.

വിവാഹം കഴിഞ്ഞ് വടശ്ശേരി വീടിന്റെ പടിയിറങ്ങിയെങ്കിലും പാർട്ടി പ്രവർത്തനങ്ങളിൽ എല്ലാവരും സജീവമാണ്. ഇവരുടെ അച്ഛൻ വി.എ. നാരായണൻ ചെത്തുതൊഴിലാളി സമരത്തിലും കരിക്കൊടി ചകിരിത്തൊഴിലാളി സമരത്തിലും പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ഏപ്രിൽ 19 നാണ് നാരായണൻ (96) അന്തരിച്ചത്. മറ്റു നാലുമക്കളും പാർട്ടിയുടെ സജീവപ്രവർത്തകർ തന്നെ. അച്ഛന് കിട്ടിയ വലിയ അംഗീകാരമാണ് ഈ സ്ഥാനാർത്ഥിത്വമെന്ന് നാലുപേരും ഒരേ സ്വരത്തിൽ പറയുന്നു. കണ്ടശ്ശാംകടവ് മാമ്പുളളിയിലെ തറവാട്ടിൽ സുർജിത്തിനൊപ്പമാണ് അമ്മ കൗസല്യ താമസിക്കുന്നത്.