തൃശൂർ: മൂന്ന് മുന്നണികളും ശക്തമായി കളം പിടിച്ച് കടുത്ത പോരാട്ടത്തിന് അരങ്ങ് ഒരുക്കുമ്പോൾ തൃശൂർ കോർപറേഷനിലെയും ജില്ലാ പഞ്ചായത്തിലെയും വിധിയെഴുത്ത് എങ്ങനെയാകുമെന്ന ആകാംക്ഷയിലാണ് നേതാക്കൾ. പഞ്ചായത്തുകളിലും ബ്‌ളോക്കിലുമെല്ലാം ഏറെക്കുറെ സ്ഥാനാർത്ഥികളുടെ വ്യക്തിപ്രഭാവമാകും നിർണ്ണായകമാകുക.
എന്നാൽ ജില്ലാ പഞ്ചായത്തിൽ അധികവും രാഷ്ട്രീയ വോട്ടുകളായിരിക്കും. ആ ഫലം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞടുപ്പ് എങ്ങനെയായിരിക്കുമെന്നതിന്റെ കണ്ണാടി പോലെയാകാം. ജില്ലയിൽ ശ്രദ്ധേയരാകാൻ നേതാക്കൾക്ക് അവസരമുള്ള വേദിയാണിത്. നിറം മങ്ങിപ്പോയാൽ ചിലരുടെയെങ്കിലും മുന്നോട്ടുള്ള അവസരങ്ങൾക്കും അത് വിലങ്ങ് തടിയാകും.
എൽ.ഡി.എഫിന്റെ ശ്രദ്ധാകേന്ദ്രം മുൻ പ്രതിപക്ഷ നേതാവും സി.പി.എം മാള ഏരിയ സെക്രട്ടറിയുമായ പി.കെ ഡേവിസും നാട്ടിക ഏരിയ സെക്രട്ടറി പി.എ അഹമ്മദും വാഴാനി ഡിവിഷനിലെ പി.എസ്. വിനയനുമാണ്. യു.ഡി.എഫിനെ നയിക്കുന്നത് ഡി.സി.സി വൈസ് പ്രസിഡന്റായ ജോസഫ് ടാജറ്റും. പല ഡിവിഷനുകളിലും ത്രികോണമത്സരമാണ്. കോർപറേഷനിലെ തിരഞ്ഞെടുപ്പ് ഫലവും സംസ്ഥാനതലത്തിൽ ചർച്ചയാകും. നിയമസഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനും വഴിയൊരുങ്ങും.
അവർ പത്രിക പിൻവലിക്കുമോ ?
അതേസമയം, കോർപറേഷനിലേക്കുള്ള തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായി വിമതശബ്ദം ഉയർന്നത് പ്രതിരോധിക്കാനുള്ള തന്ത്രം ശക്തമാക്കിയിരിക്കുകയാണ് യു.ഡി.എഫ്. തിരഞ്ഞെടുപ്പിന് മുമ്പ് സമരപരിപാടികളോടെ ഭരണപക്ഷമായ എൽ.ഡി.എഫിനെതിരെ രംഗത്ത് വന്ന് മേൽക്കൈ നേടിയ കോൺഗ്രസ്, തിരഞ്ഞെടുപ്പ് വേളയിൽ വിമതർ ഉയർത്തിയ വെല്ലുവിളി പ്രതിരോധിക്കാമെന്ന ആത്മവിശ്വാസത്തിലാണ്. പത്ത് ഡിവിഷനുകളിൽ സ്വന്തം പാർട്ടിക്കുള്ളിൽ നിന്ന് വെല്ലുവിളി നേരിടുന്നുണ്ടെങ്കിലും പത്രിക പിൻവലിക്കാനുള്ള സമയം കഴിയുമ്പോഴേക്കും പ്രശ്‌നങ്ങൾ എല്ലാം പരിഹരിക്കുമെന്ന് നേതാക്കൾ പറയുന്നു.
വിമതസ്വരം തർക്കസീറ്റുകളിൽ
സീറ്റ് ചർച്ചയിൽ അവസാനം വരെ തർക്കം നില നിന്ന കിഴക്കുംപാട്ടുകരയിൽ കെ.പി.സി.സി സെക്രട്ടറി ജോൺ ഡാനിയേലിനെതിരെ കേന്ദ്ര ജീവനക്കാരുടെ സംഘടനാ നേതാവ് കെ.ജെ റാഫിയും ഗാന്ധിനഗറിൽ മുൻ മേയർ രാജൻ ജെ. പല്ലനെതിരെ ബൂത്ത് പ്രസിഡന്റ് ഡേവിഡ് മാളിയേക്കലും, ഒ.ടി ബേബിയും മത്സരരംഗത്തുണ്ട്. കിഴക്കുംപാട്ടുകരയിൽ സീറ്റിനായി പിടിമുറുക്കുകയും തർക്കത്തിനൊടുവിൽ നെട്ടിശേരിയിലേക്ക് പോയ ബൈജു വർഗീസിനെതിരെ നിലവിൽ ആരും പത്രിക നൽകിയിട്ടില്ലെങ്കിലും എതിർസ്വരം ഉയർന്നിട്ടുണ്ട്. തൈക്കാട്ടുശേരിയിൽ സന്ദീപ് സഹദേവനെതിരെ മുൻ കൗൺസിലർ കെ.എസ് സന്തോഷ്, നടത്തറയിൽ സന്തോഷിനെതിരെ കിരൺ സി. ലാസറും മുക്കാട്ടുകരയിൽ പി. രോഹിണിക്കെതിരെ രേഖ സുരേന്ദ്രനും മത്സരരംഗത്തുണ്ട്. രാജൻ പല്ലൻ മത്സരിച്ചിരുന്ന പള്ളിക്കുളത്ത് ഐ.എൻ.ടി.യു.സി നേതാവിന്റെ ഭാര്യയാണ് മത്സരിക്കുന്നത്. ഇവിടെ ഡി.സി.സി ഭാരവാഹി കെ.എൽ ഉണ്ണിയുടെ മകളും മത്സര രംഗത്തുണ്ട്. തിങ്കളാഴ്ചയാണ് പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം.