election

തൃശൂർ: നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയം ഇന്ന് തീരുന്നതോടെ , എല്ലായിടത്തും സ്ഥാനാർത്ഥികളുടെ കൃത്യമായ ചിത്രം തെളിയും. അതോടെ മുന്നണികളുടെ പ്രചാരണ പ്രവർത്തനങ്ങൾക്ക് ആഴവും പരപ്പുമേറും. വിമതരും സ്വതന്ത്രരുമെല്ലാം പാർട്ടി നേതാക്കളുടെ ഇടപെടലുകളെ തുടർന്ന് സ്ഥാനാർത്ഥിത്വം പിൻവലിച്ചാലും, ഇല്ലെങ്കിലും അടുത്തഘട്ടത്തിലുളള പ്രചാരണത്തിൻ്റെ വിഷയങ്ങളിലാണ് നേതാക്കന്മാരുടെ ശ്രദ്ധ മുഴുവൻ.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിലും വിജയക്കൊടി പാറിച്ചതിൻ്റെ ആത്മവിശ്വാസം തന്നെയാണ് ഇടതുമുന്നണിയുടെ കൈമുതൽ. എന്നാൽ രാഷ്ട്രീയ കാലാവസ്ഥ പാടേ മാറിയെന്ന വിശ്വാസം യു.ഡി.എഫിലും പ്രകടം. കേന്ദ്രസർക്കാരിൻ്റെ നയങ്ങളും പദ്ധതികളും ജനങ്ങളിൽ കൃത്യമായി എത്തിക്കാനായത് അപ്രതീക്ഷിതമായ വിജയത്തിലേക്ക് വഴിതെളിക്കുമെന്നാണ് എൻ.ഡി.എയുടെ പ്രത്യാശ.

പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോർപറേഷനിലും വാശിയേറിയ മത്സരം നടന്നപ്പോൾ കഴിഞ്ഞ കാലയളവിൽ ജില്ലാ പഞ്ചായത്തിന് കാര്യമായ ശ്രദ്ധ കിട്ടിയിരുന്നില്ല. വികസന പദ്ധതികൾ വഴി ഗുണകരമായ ഇടപെടലുകൾ നടത്താൻ ജില്ലാ പഞ്ചായത്തിനാകുന്നില്ലെന്നും പലപ്പോഴും പദ്ധതികളുടെ ആസൂത്രണ മികവിൽ പാളിച്ചകളുണ്ടെന്നുമാണ് പ്രവർത്തനങ്ങളെക്കുറിച്ചുളള ഒരു വിലയിരുത്തൽ.

എന്നാൽ ഇത്തവണ ജില്ലാ പഞ്ചായത്തിലേക്കും മൂന്ന് മുന്നണികളിലും കൂടുതൽ ശ്രദ്ധ പുലർത്തുന്നുണ്ട്. സ്ഥാനാർത്ഥി നിർണ്ണയത്തിലും സീറ്റ് വിഭജനത്തിലും കാര്യമായ തർക്കം മുന്നണികളിൽ ഉണ്ടായിട്ടുമില്ല.

ചിഹ്നങ്ങളും ഇന്നറിയാം

സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്ക് അനുവദിച്ച ചിഹ്നങ്ങളും ഇന്ന് തെളിയും. പാർട്ടി സ്ഥാനാർത്ഥികളിലെന്ന പോലെ സ്വതന്ത്രരിലും ഡ്രൈവർമാരുണ്ട്. ജനകീയ വാഹനമായ ഓട്ടോയാണ് ചിഹ്നങ്ങളിൽ താരം. ഓട്ടോ ഓടിക്കുന്നവര്‍ തന്നെയാണ് എണ്ണത്തില്‍ മുന്നിൽ. സ്വതന്ത്രമാരും ചിഹ്നമായി ഓട്ടോറിക്ഷയാണ് കൂടുതലായി ആവശ്യപ്പെട്ടത്. ഓട്ടോ ഡ്രൈവർമാരുടെ സഹായം ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട് അവർ. കണ്ണടയാണ് ചിഹ്നങ്ങളിൽ ശ്രദ്ധേയമായ മറ്റൊന്ന്. മൊബൈല്‍ ഫോണ്‍ ആണ് ആവശ്യക്കാര്‍ കൂടുതലുള്ള മറ്റൊരു ചിഹ്നം. ഫാന്‍, മഷിക്കുപ്പിയും പേനയും, ബ്ലാക്ക് ബോര്‍ഡ് അങ്ങനെ ചിഹ്നങ്ങൾ നിരവധിയുണ്ട്. കണ്ടക്ടര്‍, ചെത്തു തൊഴിലാളി, ശുചീകരണം - നിര്‍മാണ മേഖല, ചുമട്ടുതൊഴില്‍, മത്സ്യവില്‍പന, പെയിൻ്റിംഗ്, പത്രവിതരണം...അങ്ങനെ നിരവധി തൊഴിൽ മേഖലകളിൽ നിന്നുള്ളവരും സ്ഥാനാർത്ഥികളായുണ്ട്. വ്യക്തിഗത വോട്ടുകൾ നിർണ്ണായകമായതിനാൽ മുന്നണികളുടെ കണക്കുകൂട്ടലുകൾ പ്രത്യേകിച്ച് ഗ്രാമീണമേഖലകളിൽ തെറ്റിയേക്കും. സ്വതന്ത്രൻമാരും വിമതൻമാരുമെല്ലാം അട്ടിമറികൾ നടത്തിയേക്കും.

വോട്ടുപിടിക്കാൻ

നേതാക്കൾ

പ്രചാരണത്തിന് തുടക്കം മുതൽക്കേ സംസ്ഥാന നേതാക്കളെ ഇറക്കിയാണ് എൻ.ഡി.എയുടെ പ്രചാരണം. കേന്ദ്രമന്ത്രി വി. മുരളീധരനും പി.കെ കൃഷ്ണദാസും കുമ്മനം രാജശേഖരനും കെ. സുരേന്ദ്രനുമെല്ലാം ജില്ലയിലെത്തി. എൽ.ഡി.എഫ്, യു.ഡി.എഫ് നേതാക്കളും വരും ദിവസങ്ങളിൽ എത്തിയേക്കും. അതോടെ ഗ്രാമീണമേഖലകളെ ഇറക്കിമറിക്കാനാവുമെന്നാണ് മുന്നണികളുടെ പ്രതീക്ഷ.