തൃശൂർ: തിരഞ്ഞെടുപ്പിന്റെ തിരക്കിൽ പൊലീസുദ്യോഗസ്ഥരുടെ ഡ്യൂട്ടിഭാരവും ജനങ്ങളുടെ ജാഗ്രതക്കുറവും മുൻകൂട്ടി അറിയുന്ന അതിവിദഗ്ദ്ധരാണോ കള്ളൻമാർ?. അക്കാര്യത്തിൽ സംശയം വേണ്ടെന്നും തിരഞ്ഞെടുപ്പ് കാലത്ത് അതീവ ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പ് നൽകുകയാണ് പൊലീസ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സൂക്ഷ്മപരിശോധനയുടെ ദിവസത്തിൽ തന്നെ പട്ടാപ്പകൽ മോഷണശ്രമം നടത്തിയാളെ പൊലീസ് പിന്തുടർന്ന് പിടികൂടി.
തൃശൂർ ചൊവ്വൂർ സ്വദേശി മഠത്തിപ്പറമ്പിൽ മോഹനനാണ് (55) അറസ്റ്റിലായത്. സംഭവം ഇങ്ങനെ: ക്രമസമാധാന പ്രശ്‌നം കണക്കിലെടുത്ത് റിട്ടേണിംഗ് ഓഫീസുകൾക്ക് സുരക്ഷ ഒരുക്കുന്ന ചുമതലയിലായിരുന്നു നഗരത്തിലെ ഭൂരിഭാഗം പൊലീസുദ്യോഗസ്ഥരും. അതുകൊണ്ട് നഗരത്തിലെ സുരക്ഷ നിർവഹിക്കുന്ന ഉദ്യോഗസ്ഥർക്ക് അധിക ഡ്യൂട്ടി വിഭജിച്ചു നൽകുകയായിരുന്നു. നഗരത്തിൽ ജനവാസം അധികമുള്ള പ്രദേശങ്ങളാണ് ചെമ്പൂക്കാവ്.
സാധാരണ ദിവസങ്ങളിൽ പകൽ സമയത്ത് പോലും ആളനക്കമില്ലാത്ത റോഡുകൾ. ജോലി ആവശ്യത്തിനും മറ്റും ആളുകൾ പുറത്തുപോകുന്നത് മൂലം ഭൂരിഭാഗം വീടുകളും പകൽ സമയം അടഞ്ഞു കിടക്കുകയായിരിക്കും. പൊലീസ് വാഹനത്തിൽ ചെമ്പൂക്കാവിലൂടെ പട്രോളിംഗ് നടത്തുകയായിരുന്നു കൺട്രോൾ റൂം സബ് ഇൻസ്‌പെക്ടർ ജയകുമാറും സിവിൽ പൊലീസ് ഓഫീസർ നീരജ് കുമാറും. പെട്ടെന്ന് ഒരാൾ വേഗത്തിൽ നടന്നുപോകുന്നത് ശ്രദ്ധയിൽപെട്ടു. അസ്വാഭാവികത തോന്നിയപ്പോൾ വാഹനം നിറുത്തി. അന്നേരം അവിടെയെത്തിയ, പ്രദേശവാസിയായ ബാലകൃഷ്ണമേനോൻ താൻ സാധനം വാങ്ങുന്നതിന് പുറത്തുപോയി വന്നപ്പോൾ വീടിന്റെ വാതിൽ കുത്തിപ്പൊളിക്കാൻ ശ്രമിച്ചതായും തന്നെ കണ്ടപ്പോൾ അയാൾ ഓടിപ്പോയതായും പറഞ്ഞു.
ഉടൻ തന്നെ ചുറ്റുപാടും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. അയാൾ ധരിച്ചിരുന്ന വസ്ത്രം, കൈവശമുണ്ടായിരുന്ന ബാഗ് തുടങ്ങിയ വിശദാംശങ്ങൾ സമീപത്തെ പൊലീസ് സ്റ്റേഷനുകളിലേക്കും, ബസ് സ്റ്റാൻഡുകളിലേക്കും, ട്രാഫിക് ഉദ്യോഗസ്ഥരിലേക്കും കൈമാറി. സതീശൻ എന്നയാളുടെ ഓട്ടോയിൽ ഒരാളെ ശക്തൻ ബസ് സ്റ്റാൻഡ് പരിസരത്ത് കൊണ്ടുവിട്ടുവെന്ന് വിവരം ലഭിച്ചു. ഈ വിവരം ബസ് സ്റ്റാൻഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥർക്ക് കൈമാറി.
നൽകിയ വിവരങ്ങൾ പ്രകാരമുള്ള അടയാളങ്ങളും വേഷവും പ്രായവുമുള്ള ഒരാളെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥർ ബസ് സ്റ്റാൻഡിൽ നിന്നും പൊക്കി. തന്ത്രപൂർവ്വം എയ്ഡ് പോസ്റ്റ് റൂമിലെത്തിച്ചു. അപ്പോഴേക്കും എസ്.ഐ അവിടെയെത്തി. ചോദ്യം ചെയ്‌പ്പോൾ കുറ്റം സമ്മതിച്ചു. കൈവശമുണ്ടായിരുന്ന ബാഗ് തുറന്ന് പരിശോധിച്ചപ്പോൾ അതിൽ നിന്നും ഇരുമ്പു കമ്പിയും കണ്ടെടുത്തു. വീട് കുത്തിത്തുറക്കുന്നതിന് ആ കമ്പിയാണ് ഉപയോഗിച്ചതെന്നും മൊഴി നൽകി. പ്രതിയെ ചെമ്പൂക്കാവ് പ്രദേശത്തെത്തിച്ച് തെളിവെടുത്തു. ബാലകൃഷ്ണ മേനോനും ഓട്ടോഡ്രൈവർമാരും ഇയാളെ തിരിച്ചറിഞ്ഞു.