ഒല്ലൂർ: ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ശ്രദ്ധേയമായ മത്സരം നടക്കുന്ന ഡിവിഷനാണ് മലയോര മേഖല ഉൾപ്പെടുന്ന പുത്തൂർ ഡിവിഷൻ. നിലവിൽ യു.ഡി.എഫ് കൈവശം വച്ചിരിക്കുന്ന വാർഡിൽ ഇത്തവണ സീറ്റ് നിലനിറുത്താൻ കളത്തിൽ ഇറക്കിയിരിക്കുന്നത് ഡി.സി.സി വൈസ് പ്രസിഡന്റായ ജോസഫ് ടാജറ്റിനെയാണ്.
യു.ഡി.എഫ് ഭരണത്തിലെത്തിയാൽ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നവരിലൊരാളാണ് ടാജറ്റ്. മൂവായിരത്തിലേറെ വോട്ടുകൾക്കാണ് കഴിഞ്ഞ തവണ വിജയിച്ചത്. യു.ഡി.എഫ് ഇത്തവണ സീറ്റ് നൽകിയിരിക്കുന്നത് പുതുതായി മുന്നണിയിലെത്തിയ കേരള കോൺഗ്രസ് (എം ജോസ് ) വിഭാഗത്തിനാണ്. സെബാസ്റ്റ്യൻ ജോസ് മഞ്ഞളിയാണ് ഇടത് സ്ഥാനാർത്ഥി. എൻ.ഡി.എ ഇവിടെ കളത്തിലിറക്കിയിരിക്കുന്നത് ബി.ജെ.പിയുടെ ബിജോയ് തോമസിനെയാണ്. പുത്തൂർ ഡിവിഷൻ ഉൾപ്പെടുന്ന എല്ലാ പഞ്ചായത്തുകളിലും എൽ.ഡി.എഫിനാണു ഭരണം. എന്നിട്ടും ഡിവിഷനിൽ വിജയം നേടാൻ സാധിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് യു. ഡി. എഫ് . പുത്തൂർ, തൃക്കൂർ പഞ്ചായത്തുകൾ പൂർണമായും പാണഞ്ചേരി പഞ്ചായത്തിലെ ഒരു വാർഡ്, നെന്മണിക്കര പഞ്ചായത്തിലെ നാലാം വാർഡ് എന്നിവ ഉൾപ്പെട്ടതാണ് പൂത്തൂർ. കെ.എസ്.യുവിലൂടെ പൊതു പ്രവർത്തന രംഗത്തെത്തിയ ജോസഫ് ടാജറ്റ് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റായിരിക്കെ നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. ഡി.സി.സി ജനറൽ സെക്രട്ടറിയായിരിക്കെ ഒല്ലൂർ നിയോജക മണ്ഡലത്തിന്റെ ചുമതല വഹിച്ചിരുന്നു. ടോൾ സമരത്തിൽ ശക്തമായ നേതൃത്വം വഹിച്ചിരുന്നു. ഇതെല്ലാം വോട്ടായി മാറുമെന്നാണ് പ്രതീക്ഷ. കേരള കോൺഗ്രസിന്റെ വിദ്യാർത്ഥി പ്രസ്ഥാനമായ കെ. എസ്. സിയിലൂടെ പൊതു രംഗത്തേക്ക് കടന്നു വന്ന സെബാസ്റ്റ്യൻ ജോസ് തുടർന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയിൽ സജീവമാണ്. നിലവിൽ സമിതി ജില്ലാ സെക്രട്ടറിയും സംസ്ഥാന എക്‌സിക്യുട്ടിവ് അംഗവുമാണ്. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ മർക്കന്റൈൻ സഹകരണ സംഘത്തിന്റെ സ്ഥാപക വൈസ് പ്രസിഡന്റും നിലവിലെ വൈസ് പ്രസിഡന്റുമാണ്. വ്യാപാരികളുടെ പൂർണ പിന്തുണ തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കൗൺസിലിലേക്കും ജില്ലാ പഞ്ചായത്തിലേക്കും പൂത്തൂർ ഡിവിഷനിൽ നിന്ന് മത്സരിച്ച ബിജോയ് തോമസ് തിരഞ്ഞെടുപ്പ് രംഗത്തെ പരിചയ സമ്പത്തുമായാണ് ഇറങ്ങുന്നത്. ഒല്ലൂർ, കുന്നംകുളം മണ്ഡലങ്ങളിൽ നിന്ന് നിയമ സഭയിലേക്ക് മത്സരിച്ചിട്ടുണ്ട്.
പുത്തൂർ ഡിവിഷൻ