തൃപ്രയാർ: സംസ്ഥാന സർക്കാർ അഴിമതിയിൽ മുങ്ങിക്കുളിച്ചതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. നാട്ടിക ശ്രീനാരായണ ഹാളിൽ എൻ.ഡി.എ നാട്ടിക , വലപ്പാട് പഞ്ചായത്തുകളിലെ സ്ഥാനാർത്ഥികളുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഭരണകൂടം നിയന്ത്രിക്കുന്നവർ ദേശദ്രോഹ പ്രവർത്തനങ്ങളിൽ പങ്കളികളായിരിക്കുന്നു. ക്രിമിനലുകളും ആരോപണ വിധേയരായിട്ടുള്ളവരും ഭരണത്തിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രിയുടെ വിശ്വസ്തരാണ്. സംസ്ഥാനത്ത് സാധാരണക്കാരന്റെ നിത്യവൃത്തിക്കായുള്ള പ്രശ്നങ്ങൾ ഇന്നും നിലനിൽക്കുന്നു. കുടിവെള്ളമില്ല, ഗ്രാമീണ റോഡുകൾ ശോചനീയമായ അവസ്ഥയിലാണ്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ തദ്ദേശ തിരഞ്ഞെടുപ്പിൽ ദേശീയ ജനാധിപത്യ സഖ്യത്തെ വിജയിപ്പിക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. എ.കെ ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ അനീഷ്കുമാർ, എൻ.ഡി.എ ജില്ലാ വൈസ് പ്രസിഡന്റും എസ്.എൻ.ഡി.പി യോഗം നാട്ടിക യൂണിയൻ പ്രസിഡന്റുമായ ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത്, ബി.ജെ.പി ജില്ലാ ട്രഷറർ സുജയ് സേനൻ, നാട്ടിക നിയോജകമണ്ഡലം പ്രസിഡന്റ് ഇ.പി ഹരീഷ് മാസ്റ്റർ, ജന. സെക്രട്ടറി സേവ്യൻ പള്ളത്ത്, ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡന്റ് ഷാജു, യുവമോർച്ച സംസ്ഥാന സെക്രട്ടറി ഷൈൻ നെടിയിരിപ്പിൽ , ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളായ ജോഷി ബ്ളാങ്ങാട്ട്, ചന്ദ്രിക തിലകൻ എന്നിവർ സംസാരിച്ചു.
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും
ജയിലിൽ പോകേണ്ടി വരും: കൃഷ്ണദാസ്
തൃശൂര്‍ : സംസ്ഥാനത്ത് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉള്‍പ്പെടെയുള്ളവര്‍ വൈകാതെ ജയിലിലേക്ക് പോകുന്ന സാഹചര്യമാണുള്ളതെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ്. എല്‍.ഡി.എഫ് - യു.ഡി.എഫ് നേതാക്കള്‍ക്കായി പ്രത്യേക ജയില്‍ നിര്‍മ്മിക്കുന്നതാകും നല്ലതെന്ന് അദ്ദേഹം പറഞ്ഞു. തൃശൂരില്‍ എന്‍.ഡി.എയുടെ വിവിധ പ്രചാരണ പരിപാടികളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വപ്ന സുരേഷിന്റെ ശബ്ദരേഖ പുറത്തുവന്നതോടെ സ്വര്‍ണക്കടത്തില്‍ കള്ളന് കപ്പലില്‍ തന്നെയെന്ന് ജനങ്ങള്‍ക്ക് മനസിലായി. മുഖ്യമന്ത്രിയെ രക്ഷിക്കാനുള്ള നാടകമാണ് വിജിലന്‍സിലെയും ജയില്‍ വകുപ്പിലെയും ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ നടക്കുന്നത്. കൂട്ടുപ്രതികളായ സ്വപ്നയും ശിവശങ്കരനും മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ പരമാവധി ശ്രമിക്കുകയാണ്. ഈ തിരഞ്ഞെടുപ്പില്‍ അത് പ്രതിഫലിക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു. ജില്ലയിലെ പത്തോളം കേന്ദ്രങ്ങളില്‍ കൃഷ്ണദാസ് പങ്കെടുത്തു.