കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ നഗരസഭാ ഭരണം പിടിച്ചെടുക്കാൻ പുതുമുഖ നിരയെ അണിനിരത്തി മുന്നണികൾ. കഴിഞ്ഞ നാലു പതിറ്റാണ്ടായി നഗരസഭാ ഭരണം കൈയ്യാളുന്ന ഇടതുപക്ഷ മുന്നണി ഭരണം നിലനിറുത്തുവനാണ് പുതുമുഖ നിരയെ മത്സരിപ്പിക്കുന്നതെങ്കിൽ ഭരണം പിടിച്ചെടുക്കുവനാണ് എൻ.ഡി.എയും യു.ഡി.എഫും യുവ സ്ഥാനാർത്ഥികളെ പരീക്ഷിക്കുന്നത്. മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ ഏറെയും സ്ത്രീകളാണെന്ന പ്രത്യേകതയും ഈ തിരഞ്ഞെടുപ്പിനുണ്ട്.

28 വയസു മുതൽ 40 വയസുവരെയുള്ള പുതുമുഖ സ്ഥാനാർത്ഥികളാണ് അധികവും. പറപ്പുള്ളി ഒന്നാം വാർഡിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി ജിത മധു ഡി.വൈ.എഫ്.ഐ കൊടുങ്ങല്ലൂർ മേഖലാ കമ്മിറ്റി ട്രഷററാണ്. നാലുകണ്ടം 18-ാം വാർഡിൽ മത്സരിക്കുന്ന എൽ.ഡി. എഫ് സ്ഥാനാർത്ഥി സി.എസ് സുവിദ് ഡി.വൈ.എഫ്‌.ഐ മുൻ മേഖലാ ട്രഷററാണ്. വൈദ്യുതി മന്ത്രിയായ എം.എം മണിയുടെ പേഴ്‌സണൽ സ്റ്റാഫിൽ അംഗമായിരുന്ന ഈ 30 കാരാൻ അവിടെ നിന്നും രാജിവെച്ചാണ് ജനവിധി തേടുന്നത്. കക്ക മാടൻതുരുത്ത് 22-ാം വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.വി.എസ് ദിനിൽ എ.ഐ.വൈ.എഫ് കൊടുങ്ങല്ലൂർ മണ്ഡലം സെക്രട്ടറിയാണ്.

മേത്തലപ്പാടം 31ാം വാർഡിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി മൽസരിക്കുന്ന ടി.എസ. അജിത് യുവമോർച്ച കൊടുങ്ങല്ലൂർ മണ്ഡലം ജനറൽ സെക്രട്ടറിയാണ്. കുന്നംകുളം 28-ാം വാർഡിൽ മത്സരിക്കുന്ന ഷിംജി കുമാർ ബി.ജെ.പി മേത്തല മേഖലാ പ്രസിഡന്റാണ്. ഐക്കരപറമ്പ് 43-ാം വാർഡിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി വിജിമോൾ, പെരുംതോട് 36-ാം വാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥി സനുപ് എ.എസ്, ടൗൺ ഹാൾ വാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥി നൗഷാദ് എന്നീ പുതുമുഖങ്ങളും യുവാക്കളാണ്.