ചാലക്കുടി: പ്രധാന വകുപ്പുകളുടെ മികച്ച പ്രകടനത്താൽ രാജ്യത്തിന് മാതൃകയായ കേരള സർക്കാരിനെ അട്ടിമറിക്കാനാണ് കേന്ദ്ര ഏജൻസികളെ അഴിച്ചുവിട്ട് ബി.ജെ.പി ശ്രമിക്കുന്നതെന്ന് മന്ത്രി എ.സി. മൊയ്തീൻ. തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം എൽ.ഡി.എഫ് മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മർച്ചന്റ്‌സ് ജൂബിലി ഹാളിൽ നടന്ന യോഗത്തിൽ സി.പി.ഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി സി.വി. ജോഫി അദ്ധ്യക്ഷനായി. സി.പി.എം ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, സി.പി.എം ഏരിയ സെക്രട്ടറി ടി.എ. ജോണി, ബി.ഡി. ദേവസി എം.എൽ.എ, എ.കെ. ചന്ദ്രൻ, അഡ്വ. പി.കെ. ഗിരിജാവല്ലഭൻ, ടി.പി. ജോണി, അഡ്വ. പി.ഐ. മാത്യു, ജോർജ്ജ് ഐനിക്കൽ തുടങ്ങിയവർ സംസാരിച്ചു.