ചാലക്കുടി: തദ്ദേശ തിരഞ്ഞെടുപ്പിലെ നാമ നിർദ്ദേശ പത്രിക പിൻവലിക്കാൻ ഒരു ദിവസം മാത്രം അവശേഷിക്കെ റിബലുകളെ അനുനയിപ്പിക്കൽ ശ്രമങ്ങളുമായി മുന്നണികൾ. യു.ഡി.എഫിനാണ് നഗരസഭയിലും പഞ്ചായത്തുകളിലും കൂടുതൽ റിബൽ ശല്യം. പ്രമുഖ സ്ഥാനാർത്ഥികൾ മത്സരിക്കുന്ന വാർഡുകളിൽ സ്വന്തം പ്രവർത്തകൾ നോമിനേഷൻ നൽകിയതാണ് നേതൃത്വത്തിന് ഏറെ തലവേദനയാകുന്നത്.

നോർത്ത് ചാലക്കുടിയിൽ മുൻ കൗൺസിലർ സരള നീലങ്കാട്ടിൽ മത്സരത്തിനിറങ്ങിയത് യു.ഡി.എഫിനെ ആശങ്കയിലാക്കി. ഗായത്രി ആശ്രമം വാർഡിൽ മുൻ കൗൺസിലറും കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായ ഐ.എൽ. ആന്റോ മത്സരിക്കുമെന്ന് ഉറപ്പിച്ചതും മുന്നണിയെ വെട്ടിലാക്കി. ഉറുമ്പൻക്കുന്നിൽ സി.പി.എം സ്ഥാനാർത്ഥിക്ക് ഭീഷിണിയായും റിബലുണ്ട്.

പഞ്ചായത്തുകളിൽ റിബൽ ശല്യം യു.ഡി.എഫിന്റെ ഉറക്കം കെടുത്തുന്നു. ഞായറാഴ്ചയിലെ അനുരഞ്ജന ചർച്ചയിൽ റിബർ ശല്യം പരിഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ.