ചാലക്കുടി: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മാസ്‌കിന് പുറമെ സ്വന്തം പാർട്ടിയുടെ ചിഹ്നവും പതിപ്പിച്ച് സുപ്പിയുടെ പ്രചരണം. ജോലിയോടൊപ്പമാണ് സൗത്ത് ജംഗ്ഷിലെ ചുമട്ടുതൊഴിലാളിയായ സുപ്പിയുടെ പ്രചരണം. എല്ലാ തിരഞ്ഞെടുപ്പുകളിലും എന്തെങ്കിലും കൗതുകം സൃഷ്ടിക്കൽ നാട്ടുകാരുടെ പ്രിയപ്പെട്ട സുപ്പിയുടെ പതിവാണ്.
ഇക്കുറി കൊവിഡ് പ്രതിരോധത്തിൽ ഊന്നൽ നൽകുന്ന പ്രചരണമാകട്ടെ എന്നു തീരുമാനിച്ചെന്ന് കൊരട്ടി ഖന്നാനഗർ കൊഴുപ്പിള്ളി വീട്ടിൽ സുബ്രൻ പറയുന്നു. ഓർമ്മവച്ച കാലം മുതൽ നെഞ്ചിലേറ്റിയതാണ് അരിവാൾ ചുറ്റിക നക്ഷത്രം അടയാളം. ജീവിതാവസാനം വരെ ഇതു താഴവയ്ക്കില്ലെന്ന് ഈ 56 കാരൻ ആവേശത്തോടെ പറയുന്നു. ഇത്തവണ തിരഞ്ഞെടുപ്പ് വളരെ പ്രാധാന്യമുള്ളതാണെന്നാണ് സുപ്പിയുടെ പക്ഷം.
തിരഞ്ഞെടുപ്പു കാലത്ത് മാത്രമല്ല, വേറിട്ട പ്രവർത്തനം. ഓണമായാൽ ഓണംകളിയും, മണ്ഡലകാലത്ത് ചിന്തു പാട്ടുകളുടെ ഇമ്പമാർന്ന ഗായകനുമാകും ഈ കലാസ്‌നേഹി. കലാഭവൻ മണിയുടെ അടുത്ത സുഹൃത്തും ആരാധാകനുമായിരുന്നു. ഇപ്പോഴും മണിയുടെ സ്മരണകൾ നെഞ്ചിലേറ്റുന്ന സുബ്രൻ.