ഒല്ലൂർ: പീച്ചി വിനോദ സഞ്ചാര മേഖല ഉൾക്കൊള്ളുന്ന പാണഞ്ചേരി പഞ്ചായത്തും കോർപറേഷനോട് ചേർന്നു കിടക്കുന്ന നടത്തറയും ഉൾപ്പെടുന്ന പീച്ചി ജില്ലാ പഞ്ചായത്ത് ഡിവിഷൻ ഇത്തവണ പട്ടികജാതി സംവരണ മണ്ഡലമാണ്. കഴിഞ്ഞ തവണ ഇടതുപക്ഷത്തെ പിന്തുണച്ച ഡിവിഷനാണ് പീച്ചി. എന്നാൽ ഇത്തവണ തിരഞ്ഞെടുപ്പ് ഫലം വ്യത്യസ്തമാകുമെന്ന് യു.ഡി.എഫ് അവകാശപെടുമ്പോൾ സീറ്റ് നിലനിറുത്താൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ്. ശക്തമായ സാന്നിദ്ധ്യം തെളിയിക്കാൻ എൻ.ഡി.എയും മത്സര രംഗത്ത് സജീവമാണ്.
ഡിവിഷൻ പിടിച്ചെടുക്കാൻ മൂന്ന് മുന്നണികളും ഇറക്കിയിരിക്കുന്നത് പുത്തൂർ സ്വദേശികളായ യുവതുർക്കികളെയാണ്. ഇടതു പക്ഷത്തിനായി ഇറങ്ങിയിയിരിക്കുന്നത് സി.പി.എം ഒല്ലൂർ ഏരിയ കമ്മിറ്റി അംഗവും കർഷക സംഘം സംസ്ഥാന സമിതി അംഗവുമായ കെ.വി സാജുവിനെയാണ്.
ഡി. വൈ.എഫ്.ഐ മുൻ ജില്ലാ പ്രസിഡന്റും പുത്തൂർ കാർഷിക സൊസൈറ്റി പ്രസിഡന്റും കൂടിയാണ് കെ.വി സജു. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ പ്രവർത്തനമാരംഭിച്ച് കോൺഗ്രസ് ഒല്ലൂർ ബ്ലോക്ക് സെക്രട്ടറിയും ഭാരതീയ ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ലാ കാർഷിക ഗ്രാമവികസന ബാങ്ക് ഡയറക്ടറുമായ ഇ.എസ് ബൈജുവിനെയാണ് യു.ഡി.എഫ് രംഗത്തിറക്കിയത്.
ബി.ജെ.പി ഒല്ലൂർ മണ്ഡലം സെക്രട്ടറിയും എസ്.സി മോർച്ച ജില്ലാ കമ്മിറ്റി അംഗവുമായ സരിഗ ഗോപിയെയാണ് എൻ.ഡി.എ രംഗത്തിറക്കിയത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പൂത്തൂർ പഞ്ചായത്തിലെ ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്നു. യുവജനപ്രസ്ഥാനത്തിലെ തൻ്റെ പ്രവർത്തനം തനിക്കനുകൂലമാകുമെന്ന് സജുവും സംസ്ഥാന ജനറൽ സെക്രട്ടറിയുടെ പ്രവർത്തന പാരമ്പര്യം വോട്ടാക്കാൻ സാധിക്കുമെന്ന് ബൈജു അവകാശപെടുമ്പോൾ ബി.ജെ.പി അനുകൂല തരംഗം സൃഷ്ടിക്കാനാകുമെന്ന് സരിഗയും കരുതുന്നു.
പീച്ചി ഡിവിഷനിലെ വാർഡുകൾ