വാടാനപ്പിള്ളി: തളിക്കുളം തമ്പാൻ കടവ് ബീച്ചിൽ സ്വകാര്യ വ്യക്തി അനധികൃതമായി കടൽഭിത്തി നിർമ്മിക്കുന്നതിനെതിരെ പ്രതിഷേധം. തമ്പാൻ കടവ് ബീച്ചിന് തെക്ക് ഭാഗത്ത് ജോയ് എന്ന വ്യക്തിയാണ് കടൽ കുഴിച്ച് മണ്ണെടുത്ത് കരിങ്കല്ലിടുകയും മണൽ സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുകയും ചെയ്തത്.
കൂടാതെ അനുമതിയില്ലാതെ കടൽഭിത്തി കെട്ടുകയും ചെയ്തു. 2018ൽ മത്സ്യതൊഴിലാളികൾ നൽകിയ പരാതിയെ തുടർന്ന് റവന്യു അധികൃതർ നിർമ്മാണ പ്രവർത്തനം താത്കാലികമായി നിറുത്തിവയ്പ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും നിർമ്മാണം ആരംഭിച്ചു. കഴിഞ്ഞ വർഷത്തെ കടൽക്ഷോഭത്തിൽ നിർമ്മാണ പ്രവർത്തനം നടന്നതിനു ചുറ്റും എകദേശം ഒരേക്കറോളം സ്ഥലം കടലെടുത്തു. ഇതോടെ മത്സ്യതൊഴിലാളികൾ ദുരിതത്തിലായി. എന്നിട്ടും സ്ഥലമുടമ വീണ്ടും അനധികൃതമായും അശാസ്ത്രീയമായും കടൽഭിത്തി നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലാണ്.
സാധാരണക്കാരുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന അനധികൃത നിർമ്മാണം ഉടൻ നിറുത്തിവയ്ക്കണമെന്നും നിലവിലുള്ള കരിങ്കൽ ഭിത്തി പൊളിച്ച് മാറ്റണമെന്നും അഖില കേരള ധീവരസഭ തമ്പാൻകടവ് കരയോഗം ആവശ്യപ്പെട്ടു. ധീവരസഭ ജില്ലാ പ്രസിഡൻ്റ് പി.വി ജനാർദ്ദനൻ, എൻ.കെ ബാബു, ടി.വി ശ്രീജീത്ത് എന്നിവർ സംസാരിച്ചു. പ്രാദേശിക സമരസമിതിയും രൂപീകരിച്ചു.