എരുമപ്പെട്ടി: വേഷത്തിൽ വ്യത്യസ്ഥനായ ഒരു സ്ഥാനാർത്ഥിയുണ്ട് എരുമപ്പെട്ടി പഞ്ചായത്തിൽ. കാഞ്ഞിരക്കോട് 13-ാം വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ കൊടുമ്പിൽ മുരളിയാണ് വേഷാഭൂഷാദികൾ കൊണ്ട് ശ്രദ്ധേയനാകുന്നത്. ചുവന്ന നിറത്തിലുള്ള മുണ്ടും ഷർട്ടും, തലയിൽ ചുവന്ന തുണികൊണ്ടുള്ള തലപ്പാവും കഴുത്തിൽ രുദ്രാക്ഷമാലയും. സ്ഥാനാർത്ഥി സ്വാമിയാണോയെന്ന സംശയം വേണ്ട. കൊടുമ്പിൽ മുരളി സഖാവ് സ്വാമിയാണ്. നാട്ടുകാർ വിളിക്കുന്നതും സഖാവ് സ്വാമിയെന്നാണ്.
കമ്യൂണിസവും ദൈവ വിശ്വാസവും ഒരു പോലെ കൊണ്ടു പോകുന്ന മുരളി കഴിഞ്ഞ 35 വർഷമായി ഈ വേഷമാണ് ധരിക്കാറുള്ളത്. കൊടുമ്പിൽ ക്ഷേത്രത്തിലെ വഴിപാട് നടത്തിപ്പ് കാരനായിരുന്നപ്പോഴാണ് ഈ വേഷം സ്വീകരിച്ചത്. വെള്ളയോടും കാവിയോടും താത്പര്യമില്ലാത്തതിനാൽ ഹൃദയത്തിലലിഞ്ഞ വിപ്ലവ നിറമായ ചുവപ്പ് തിരഞ്ഞെടുക്കുകയായിരുന്നു. കർഷക കുടുംബാംഗമായ മുരളി എസ്.എഫ്.ഐ പ്രവർത്തനങ്ങളിലൂടെയാണ് സി.പി.എമ്മിലേക്ക് കടന്ന് വന്നത്.
വടക്കാഞ്ചേരി ശ്രീവ്യാസ എൻ.എസ്.എസ് കോളേജിലെ ചെയർമാനായിരുന്നു. കൊടുമ്പ് വാർഡിൽ നിന്ന് മുമ്പ് രണ്ട് തവണ എൽ.ഡി.എഫ് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇനിയുള്ള കാലവും മാർക്‌സിസ്റ്റുകാരനായ സ്വാമിയായി ജീവിക്കാനാണ് ആഗ്രഹമെന്ന് കൊടുമ്പിൽ മുരളി പറയുന്നു.