ഗുരുവായൂർ: അഷ്ടമിവിളക്കിന് സ്വർണ്ണപ്രഭ വിതറി ഗുരുവായൂരപ്പൻ സ്വർണ്ണക്കോലത്തിൽ എഴുന്നള്ളി. വിളക്കെഴുന്നള്ളിപ്പിന്റെ നാലാമത്തെ പ്രദക്ഷിണത്തിലാണ് സ്വർണക്കോലം ആനപ്പുറത്ത് എഴുന്നള്ളിച്ചത്. കോടികൾ വിലമതിക്കുന്ന സ്വർണക്കോലം ഉത്സവം, ഏകാദശി, അഷ്ടമിരോഹിണി ആഘോഷങ്ങൾക്ക് മാത്രമേ എഴുന്നള്ളിക്കാറുള്ളൂ. ഏകാദശി വിളക്കിന്റെ അവസാന നാല് ദിവസങ്ങളായ അഷ്ടമി, നവമി, ദശമി, ഏകാദശി ദിനങ്ങളിലാണ് സ്വർണക്കോലം എഴുന്നള്ളിക്കുക. എഴുന്നള്ളിപ്പിന് ഇടയ്ക്കയും നാഗസ്വരവും അകമ്പടിയായി. കൊമ്പൻ വലിയ വിഷ്ണു സ്വർണ്ണക്കോലമേറ്റി. ഗുരുവായൂരിലെ പുളിക്കിഴെ വാരിയത്ത് കുടുംബം വകയായിരുന്നു അഷ്ടമി വിളക്ക്. നവമി ദിവസമായ ഇന്ന് ഗുരുവായൂരിലെ പുരാതന കുടുംബമായ കൊളാടി കുടുംബം വകയാണ് വിളക്ക്. നവമി വിളക്കിന് ഗുരുവായൂരപ്പൻ എഴുന്നള്ളിയാൽ ശ്രീലകം അടയ്ക്കില്ല എന്ന പ്രത്യേകതയുണ്ട്. ഉച്ചയ്ക്ക് നമസ്‌കാര സദ്യയും വിശേഷമാണ്. ശ്രീ ഗുരുവായൂരപ്പൻ സങ്കീർത്തന ട്രസ്റ്റിന്റേതാണ് ചൊവ്വാഴ്ച ദശമി വിളക്ക്. ബുധനാഴ്ച ഏകാദശി നാളിൽ ഉദയാസ്തമയ പൂജയോടെ ചുറ്റുവിളക്ക് ഗുരുവായൂർ ദേവസ്വം വകയാണ്.
വ്യാഴാഴ്ച ഗുരുവായൂരിൽ
ഒമ്പതിന് ക്ഷേത്രനട അടയ്ക്കും
ഗുരുവായൂർ : ഏകാദശിക്ക് ശേഷം ദ്വാദശി ദിവസമായ വ്യാഴാഴ്ച രാവിലെ ഒമ്പതിന് ക്ഷേത്രനട അടയ്ക്കും. ക്ഷേത്രത്തിലേക്ക് ദർശനത്തിനുള്ള വരി എട്ടരയ്ക്ക് അവസാനിപ്പിക്കും. വൈകീട്ട് നാലരയ്ക്ക് നട തുറക്കും. ക്ഷേത്രനട അടഞ്ഞുകിടക്കുന്ന നേരം തുലാഭാരം, വിവാഹം, വാഹനപൂജ എന്നിവ നടക്കില്ല.