chilancthi

ഇരിങ്ങാലക്കുട : കാലിക്കറ്റ് സർവകലാശാല കാമ്പസിൽ നടത്തിയ പഠനത്തിൽ ചാട്ട ചിലന്തികളുടെ വൻ വൈവിദ്ധ്യം. പത്തുമാസം നീണ്ട പഠനത്തിൽ 33 ജനുസുകളിൽ വരുന്ന 46 ഇനം ചാട്ട ചിലന്തികളെയാണ് കണ്ടെത്തിയത്. ഇന്ത്യയിൽ ഇതാദ്യമായാണ് ഒരു പ്രത്യേകസ്ഥലത്ത് നിന്നും ഇത്രയധികം ചാട്ട ചിലന്തികളുടെ സാന്നിദ്ധ്യം കണ്ടുപിടിക്കുന്നത്.

വല നെയ്യാത്ത ഇവ ഇരയെ ചാടിവീണു കീഴ്‌പ്പെടുത്തുന്നതുകൊണ്ടാണ് ഇവയെ ചാട്ട ചിലന്തികൾ എന്നു വിളിക്കുന്നത്. മൂന്നു നിരകളിലായി എട്ടു കണ്ണുകളുള്ള ഇവയുടെ അവസാന ജോഡി കണ്ണുകൾ തലയുടെ പിൻഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടു ഇവയ്ക്ക് തലതിരിക്കാതെ തന്നെ പുറകിലുള്ളതും കാണാനാകും. മുൻനിരയിൽ മദ്ധ്യഭാഗത്തുള്ള രണ്ട് വലിയ കണ്ണുകളാണ് ഇവയെ എളുപ്പം തിരിച്ചറിയാൻ സഹായിക്കുന്നത്. കാഴ്ച ശക്തി വളരെ കൂടുതലുള്ള ഇവയ്ക്ക് രാത്രിയും പകലും ഇര പിടിക്കാൻ കഴിയുന്നു.

വർണ്ണ വൈവിദ്ധ്യമുള്ള ശരീരത്തോട് കൂടിയ ആൺ ചിലന്തി പ്രത്യേക തരത്തിൽ നൃത്തം ചെയ്താണ് പെൺ ചിലന്തിയെ ഇണ ചേരാൻ ആകർഷിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ചിലന്തി കുടുംബമായ ചാട്ട ചിലന്തി കുടുംബത്തിൽ നിന്നും ഇതുവരെയായി 644 ജനുസുകളിൽ വരുന്ന 6175 ഇനം ചിലന്തികളെയാണ് ലോകത്താകമാനം കണ്ടെത്തിയിട്ടുള്ളത്.

500 ഏക്കറോളം വരുന്ന കാലിക്കറ്റ് സർവകലാശാല ക്യാമ്പസിലെ അക്കേഷ്യ തോട്ടങ്ങളിലും, തേക്കിൻ തോട്ടങ്ങളിലും, മാവിൻതോട്ടങ്ങളിലും, കുറ്റിക്കാടുകളിലും പുൽ മേടുകളിലുമാണ് പഠനം നടത്തിയത്. കൊവിഡ് കാരണം മാർച്ച് മാസത്തിൽ പഠനം അവസാനിപ്പിക്കേണ്ടി വന്നില്ലായിരുന്നെങ്കിൽ ഇതിൽ കൂടുതൽ ഇനം ചിലന്തികളെ കണ്ടെത്താൻ സാധിക്കുമായിരുന്നു. കാലിക്കറ്റ് സർവകലാശാല ജന്തുശാസ്ത്ര വിഭാഗം മേധാവി ഡോ. ഇ. പുഷ്പലതയുടെയും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ജൈവവൈവിദ്ധ്യ ഗവേഷണകേന്ദ്രം മേധാവി ഡോ. സുധികുമാർ എ.വിയുടെയും നേതൃത്വത്തിൽ ഗവേഷണ വിദ്യാർത്ഥിനിയായ ആതിര ജോസാണ് പഠനം നടത്തിയത്. യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്റെ ഫെലോഷിപ്പോട് കൂടിയാണ് പഠനം നടത്തുന്നത്.

കണ്ടെത്തിയ മറ്റ് ഇനങ്ങൾ