തൃശൂർ: തിരഞ്ഞെടുപ്പ് ചട്ടങ്ങളും മാനദണ്ഡങ്ങളും സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിന് തിരഞ്ഞെടുപ്പ് പൊതു നിരീക്ഷകൻ വി. രതീശൻ ജില്ലയിലെത്തി. കളക്ടർ എസ്. ഷാനവാസുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രതിനിധിയെന്ന നിലയിലാണ് വി. രതീശൻ ജില്ലയിലെത്തിയത്.
സ്ഥാനാർത്ഥികളുടെ പ്രചരണ ചെലവ്, പ്രചരണവുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന വാഹനങ്ങൾ, സംഘടിപ്പിക്കുന്ന ജാഥകൾ തുടങ്ങിയവയുടെ ചെലവ് തയ്യാറാക്കൽ,തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനം, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലനം, വോട്ടിംഗ് യന്ത്രങ്ങളുടെ ക്രമീകരണം, വിതരണം, കൊവിഡ് പശ്ചാത്തലത്തിൽ സ്ഥാനാർത്ഥികൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ തുടങ്ങി തിരഞ്ഞെടുപ്പിന്റെ പൊതുവായ എല്ലാ തലങ്ങളിലുമുള്ള പ്രവർത്തനങ്ങളും പൊതുനിരീക്ഷകൻ വിലയിരുത്തും.
ജില്ലാ പഞ്ചായത്ത്: സ്വതന്ത്രർക്ക് ചിഹ്നം അനുവദിച്ചു
തൃശൂർ: ജില്ലാ പഞ്ചായത്ത് വിവിധ ഡിവിഷനുകളിലേക്ക് മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് ജില്ലാ കളക്ടർ എസ്. ഷാനവാസ് ചിഹ്നങ്ങൾ അനുവദിച്ചു. കളക്ടറുടെ ചേംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥികൾ പങ്കെടുത്തു. പീച്ചി ഡിവിഷനിലെ സ്വതന്ത്ര സ്ഥാനാർത്ഥി സരോജിനി (മരം), ആളൂർ ഡിവിഷൻ സ്വതന്ത്ര സ്ഥാനാർത്ഥി രാധാകൃഷ്ണൻ (കപ്പും സോസറും), കടപ്പുറം ഡിവിഷനിലെ സ്വതന്ത്ര സ്ഥാനാർത്ഥി റഫീഖ് (കുട), അതിരപ്പിള്ളി ഡിവിഷനിലെ സ്വതന്ത്ര സ്ഥാനാർത്ഥി സേവ്യർ (കപ്പും സോസറും), തളിക്കുളം ഡിവിഷനിലെ സ്വതന്ത്ര സ്ഥാനാർത്ഥി ഹരീഷ് (കലപ്പ), ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി (ചൂല്) എന്നിങ്ങനെയാണ് ചിഹ്നം അനുവദിച്ചു നൽകിയത്. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾക്കും അവരുടെ പിന്തുണയോടെ മത്സരിക്കുന്നവർക്കും നേരത്തെ ചിഹ്നങ്ങൾ അനുവദിച്ചിരുന്നു.
278 പേർക്ക് കൂടി കൊവിഡ്
തൃശൂർ : 278 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 674 പേർ രോഗമുക്തരായി. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6985 ആണ്. തൃശൂർ സ്വദേശികളായ 84 പേർ മറ്റ് ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു.
ജില്ലയിൽ ഇതുവരെ സ്ഥീരികരിച്ചവരുടെ എണ്ണം 55,354 ആണ്. 47,969 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തത്. ജില്ലയിൽ തിങ്കളാഴ്ച്ച സമ്പർക്കം വഴി 264 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 5 ആരോഗ്യ പ്രവർത്തകർക്കും, സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ അഞ്ച് പേർക്കും, രോഗ ഉറവിടം അറിയാത്ത നാല് പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.