വടക്കാഞ്ചേരി: തിരഞ്ഞെടുപ്പിന്റെ മറവിൽ കുണ്ടന്നൂരിൽ വീണ്ടും പാടം നികത്തുന്നു. വടക്കാഞ്ചേരി - കുന്നംകുളം സംസ്ഥാന പാതയോരത്ത് കുണ്ടന്നൂർ പാശേഖരത്തെ നിലമാണ് സ്വകാര്യവ്യക്തി അനധികൃതമായി മണ്ണിട്ട് നികത്തുന്നത്. കുണ്ടന്നൂർ പള്ളിക്ക് സമീപമാണ് പടിപടിയായുള്ള പാടം നികത്തൽ. 2019 മാർച്ചിൽ ഇവിടെ കുന്നിടിച്ചുള്ള മണ്ണിട്ട് വലിയ തോതിൽ പാടം നികത്തിയിരുന്നു. രാഷ്ട്രീയപാർട്ടികൾ തടഞ്ഞപ്പോൾ പ്രവർത്തനം നിറുത്തിവച്ചിരുന്നു.

പിന്നീട് കഴിഞ്ഞ ജനുവരിയിൽ കെട്ടിടം പൊളിച്ച് കോൺക്രീറ്റ് മാലിന്യം ഉപയോഗിച്ച് വീണ്ടും പാടം നികത്തി. പാടത്തെ അനധികൃത നിർമ്മാണവും നികത്തലും മഴക്കാലത്ത് നീരൊഴുക്ക് തടസ്സപ്പെടുത്തിയിരുന്നു. രണ്ട് പ്രളയങ്ങളിലും വടക്കാഞ്ചേരി - കുന്നംകുളം സംസ്ഥാനപാതയിൽ കുണ്ടന്നൂർ ചുങ്കത്ത് വെള്ളക്കെട്ട് രൂക്ഷമാകുന്നതിനും ഗതാഗതം തടസപ്പെടുന്നതിനും ഇത് കാരണമായി.

കുണ്ടന്നൂർ ചുങ്കം കവലയിൽ രണ്ട് കലുങ്കുകൾ പണിത് റോഡ് ഉയർത്തുന്ന പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. ഇതിനിടെയാണ് അനധികൃത പ്രവർത്തനങ്ങൾ വീണ്ടും തല പൊക്കുന്നത്. ചിറ്റണ്ട പൂങ്ങോട് വനത്തിലെ ചോലകളിൽ നിന്നുള്ള വെള്ളം കുണ്ടന്നൂർ പാശേഖരത്തിലൂടെയാണ് വടക്കാഞ്ചേരി പുഴയിലേക്ക് ഒഴുകുന്നത്.
ഒരു വർഷം മുൻപ് പാടം നികത്തിയവരെ വില്ലേജ് ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കളക്ടർ വിളിച്ചിരുന്നു. വീണ്ടും പാടം നികത്തിയപ്പോൾ മണ്ണ് നീക്കി പൂർണാവസ്ഥയിലാക്കണമെന്ന് കുണ്ടന്നൂർ വില്ലേജ് ഓഫീസർ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ മണ്ണ് നീക്കാൻ ഒരു നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ല.

നികത്തൽ വിവാദം വീണ്ടും

സംസ്ഥാന പാതയോരത്തെ പാടം നികത്തുന്നത് കുണ്ടന്നൂർ പള്ളിക്ക് സമീപം

കഴിഞ്ഞ വർഷം മാർച്ചിലും ഈ ജനുവരിയിലും പാടം നികത്തൽ വിവാദമുണ്ടായി

അനധികൃത നിർമ്മാണവും നികത്തലും നിമിത്തം വെള്ളക്കെട്ട് രൂക്ഷമായിരുന്നു

വെള്ളക്കെട്ട് പരിഹരിക്കാൻ റോഡ് ഉയർത്തുന്നതിനിടെയാണ് വീണ്ടും നികത്തൽ

മുൻപ് നികത്തിയവരോട് പാടം പൂർവസ്ഥിതിയിലാക്കണമെന്ന് നിർദ്ദേശിച്ചിരുന്നു