തൃശൂർ: ജന്മനാൽ രണ്ടു കണ്ണിന്റെയും കാഴ്ച നഷ്ടപ്പെട്ട ടോബിയോ തൃശൂർ ശ്രീകേരളവർമ്മ കോളേജിൽ നിന്ന് പൊളിറ്റിക്‌സിൽ ബിരുദവും യൂണിവേഴ്‌സിറ്റിയിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദവും നേടിയപ്പോൾ, മറ്റൊന്നുകൂടി അകക്കണ്ണിന്റെ കരുത്തായി സ്വന്തമാക്കി; ജീവിതത്തിൽ എവിടെയും തോറ്റുകൊടുക്കില്ല എന്ന ദൃഢനിശ്ചയം!
'കാഴ്ച' എന്ന കേരളകൗമുദി പുറത്തിറക്കിയ ആപ്പിലൂടെ വായനയുടെ ലോകത്ത് കിട്ടുന്ന വലിയ ആത്മവിശ്വാസമാണ് ഇപ്പോൾ ഈ കോളേജ് അദ്ധ്യാപകന് കൂട്ട്. ചാലക്കുടി പനമ്പിള്ളി മെമ്മോറിയൽ ഗവ. കോളേജിലെ പൊളിറ്റിക്‌സ് വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ ഇരിങ്ങാലക്കുട കരുവന്നൂർ സ്വദേശി പാറമേൽ വീട്ടിൽ ദേവസ്സിക്കുട്ടി മകൻ ടോബിയോ, കൊവിഡ് കാലത്തും വാർത്താലോകത്തിൻ്റെ നടുവിലാണ്.
പത്ര വാർത്തയ്ക്ക് പുറമെ രാഷ്ട്രീയം, സിനിമ, സ്‌പോർട്‌സ്, ഫീച്ചർ തുടങ്ങി ഇഷ്ട വിഷയങ്ങൾ മാത്രമായി തിരഞ്ഞെടുക്കാനും ശ്രവ്യഭാഷയായി മലയാളമോ ഇംഗ്‌ളീഷോ തിരഞ്ഞെടുക്കാമെന്നതും ടോബിയോയ്ക്ക് സന്തോഷം പകരുന്നു. ഇഷ്ടപ്പെട്ട വാർത്തകളോ ഫീച്ചറുകളോ സാമൂഹിക മാദ്ധ്യമം വഴി ഷെയർ ചെയ്യുന്നുമുണ്ട്. ഇരുപത്തിയഞ്ചോളം പേജുകളുള്ള ഇപേപ്പറിൽ പ്രാദേശിക പേജുകളടക്കം ഏകദേശം 200 ഓളം വാർത്തകൾ ഓഡിയോ രൂപത്തിൽ ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ എക്‌സറ്റൻഡെഡ് ഇപേപ്പർ എന്ന ഖ്യാതി കേരളകൗമുദി സ്വന്തമാക്കിയിരുന്നു.
കാഴ്ച പരിമിതി ഉള്ളതിനാൽ സിലബസിലുള്ള എല്ലാ പുസ്തകങ്ങളും ബ്രെയിൽ ലിപിയിൽ ലഭിച്ചിരുന്നില്ല. ടെക്സ്റ്റ് ബുക്കുകൾ സ്‌കാൻ ചെയ്ത് ലാപ്‌ടോപ്പിലേക്ക് കയറ്റി സ്‌ക്രീൻ റീഡിംഗ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് പഠിച്ചിരുന്നത്. കേരള ഫെഡറേഷൻ ഒഫ് ബ്ലൈൻഡ് എന്ന സംഘടനയുടെ സഹായത്തോടെ പുസ്തകങ്ങളുടെ ഓഡിയോ പതിപ്പും പഠനേതര സാമഗ്രികളും ലഭിച്ചു. സോഫ്റ്റ്‌വെയറുകളിൽ കൈകാര്യം ചെയ്തിരുന്ന ഭാഷ ഇംഗ്ലീഷ് ആയതിനാൽ മലയാളപുസ്തകങ്ങൾ വായിക്കാൻ കഴിഞ്ഞിരുന്നില്ല. അതിനാൽ മറ്റുള്ളവരുടെ സഹായത്തോടെ വായിച്ചുകേൾക്കുകയായിരുന്നു.
ടോബിയോ കേട്ട ശബ്ദങ്ങൾ
ഒരിക്കൽ കേട്ട ശബ്ദം ടോബിയോ മറക്കില്ലെന്ന് സഹപ്രവർത്തകർ പറയും. സെമിനാറുകളും ചർച്ചകളും സംവാദങ്ങളുമായി വിദ്യാർത്ഥികളെ കൈയിലെടുത്ത് ക്ലാസെടുക്കുന്ന രീതിയാണ് ടോബിയോയുടേത്. ചെറുപ്പത്തിൽ സംഗീതം പഠിച്ചതിനാൽ ക്ലാസുകൾക്കിടയിലും വിദ്യാർത്ഥികൾ ആവശ്യപ്പെടുമ്പോഴൊക്കെ പാട്ടുപാടി സന്തോഷിപ്പിക്കും. പത്താം ക്ലാസുവരെ തൃശൂർ ജെ.എം.ജെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് പഠിച്ചത്. അവിടെ നിന്ന് ബ്രെയിൽ ലിപിയും ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാനുള്ള പ്രത്യേക പരിശീലനവും നേടി.
"ഒരുകാലത്ത് ഞങ്ങളെപ്പോലുള്ളവർക്ക് പത്രവായന അസാദ്ധ്യമായിരുന്നു. കാഴ്ച എന്ന ആപ്പിലൂടെ എല്ലാ വാർത്തകളും കേൾക്കാനാകുന്നുണ്ട്. കേരളകൗമുദിക്ക് നന്ദി.
പി.ഡി ടോബിയോ