വടക്കാഞ്ചേരി: ആർട്ടിസ്റ്റ് ഷാജു കുറ്റിക്കാടൻ പക്ക കോൺഗ്രസുകാരനാണ്, എന്നാൽ പണിയെടുക്കുന്നതാകട്ടെ എതിർ ചേരിയിലുള്ളവർക്കും. തെക്കുംകര പഞ്ചായത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇടതുപക്ഷത്തിനായി ചുമരെഴുത്തിലാണ് ഷാജു കുറ്റിക്കാടൻ എന്ന ആർട്ടിസ്റ്റ്.

കോൺഗ്രസ് കുടുംബാംഗമായ ഷാജു കുറ്റിക്കാടനും സജീവ കോൺഗ്രസ് പ്രവർത്തകനാണ്. എതിർചേരിയിലുള്ളവർക്ക് ചുമരെഴുതിയാൽ പ്രശ്നമാകില്ലേയെന്ന് ചോദിച്ചാൽ ഷാജുവിന് ഒറ്റ മറുപടിയേയുള്ളൂ... 'ഇത് എന്റെ വയറ്റിപ്പിഴപ്പാണ്, ആര് വിളിച്ചാലും ചുമരെഴുതാൻ തയ്യാർ. പക്ഷെ, കൂലി കിട്ടണം.'

മിക്ക തിരഞ്ഞെടുപ്പുകാലത്തും ഷാജു കുറ്റിക്കാടൻ രംഗത്തുണ്ടാകും. ഫ്‌ളക്‌സുകൾ കുറഞ്ഞതോടെ ഈ വർഷം പണി കൂടുതലാണത്രെ. സ്മാർട്ടാക്കുന്നതിന്റെ ഭാഗമായി നിരവധി സ്‌കൂളുകളിൽ ചിത്രം വരയ്ക്കാൻ അവസരം ലഭിച്ചതായി ഷാജു പറഞ്ഞു. എന്നാൽ കൊവിഡ് വന്നതോടെ എല്ലാം തകിടം മറിഞ്ഞു. അതിനിടെയാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് വന്നുചേർന്നത്. കിട്ടിയ അവസരം വേണ്ട പോലെ ഉപയോഗിക്കാനുള്ള നെട്ടോട്ടത്തിലാണ് ഈ കലാകാരൻ.