പാവറട്ടി: കലാഭവൻ മണിക്കായി നിരവധി ഹിറ്റ് ഗാനം രചിച്ച ചന്ദ്രൻ പെരുവല്ലൂരിന് കൊവിഡ് കാലം ദുരിതകാലം. കലാഭവൻ മണി പാടി ഏറെ പ്രശസ്തി നേടിയ 'മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ എങ്ങോട്ടാണെങ്ങോട്ടാണീ ഈ തിടുക്കം' എന്ന ഗാനം രചിച്ചത് ചന്ദ്രൻ പെരുവല്ലൂരാണ്. 'ആ കറുമ്പൻ ആളൊരു കുറുമ്പനാ ' എന്ന കാസറ്റിനായി 12 വർഷങ്ങൾക്കു മുമ്പാണ് ഈ ഗാനം രചിക്കുന്നത്. തൻ്റെ അച്ഛനെ കുറിച്ച് ഒരു പാട്ട് എഴുതണമെന്നു മണി പറഞ്ഞതനുസരിച്ചാണ് ഈ ഗാനം എഴുതിയത്.
ആ പരലീ പരല് പൂവാലി പരല്, ആലങ്ങാട്ടങ്ങാടി നീളെ നടന്നപ്പോൾ എന്നീ ഗാനങ്ങൾ മണിക്ക് പ്രിയപ്പെട്ടതായിരുന്നു. 15 ഓളം കാസറ്റുകളിലായി നാടൻപാട്ടുകൾ, അയ്യപ്പഭക്തി ഗാനങ്ങൾ, കൊടുങ്ങല്ലൂർ ഭരണി പാട്ടുകൾ, മുസ്ലിം ഗാനങ്ങൾ എന്നിവ ചന്ദ്രൻ മണിക്കായി എഴുതിയിട്ടുണ്ട്. നാടൻപാട്ട് കലാകാരനും ഗാനരചയിതാവുമായ അറുമുഖൻ വെങ്കിടങ്ങാണ് മണിയെ സമീപിക്കാൻ നിർദ്ദേശിച്ചത്. ആയിരത്തിലധികം ഗാനങ്ങൾ, അയ്യപ്പ ഭക്തിഗാനങ്ങൾ, കവിതകൾ, ലളിതഗാനങ്ങൾ, നാടക ഗാനങ്ങൾ എന്നിവ ചന്ദ്രൻ രചിട്ടുണ്ട്. ഹൃദയ സംബന്ധമായ അസുഖം മൂലം തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലാണ്. ശാരീരിക ബുദ്ധിമുട്ട് കൂടിയപ്പോൾ സൈക്കിളിൽ ലോട്ടറി വിൽപ്പന നടത്തിയിരുന്നു. കൊവിഡ് വ്യാപനം രൂക്ഷമായപ്പോൾ ലോട്ടറി വിൽപനയും നിർത്തി.
കേരള സർക്കാരിൻ്റെ വാർദ്ധക്യകാല പെൻഷൻ കിട്ടുന്നത് മരുന്നു വാങ്ങാനേ തികയൂ. വെന്മേനാട് എം.എ.എസ്.എം ഹൈ സ്‌കൂളിൽ നിന്നു ഒമ്പതാം ക്ലാസ് വരെ പഠിച്ച ചന്ദ്രൻ കൈപ്പറമ്പിൽ ദാമോദരൻ്റെയും കമലുവിൻ്റെയും മൂത്ത മകനാണ്. ഇപ്പോൾ നാട്ടുകാരനായ ബിനോയ് എസ്. പ്രസാദ് സംഗീതം നൽകുന്ന അയ്യനയ്യൻ എന്ന ആൽബത്തിന് ചന്ദ്രൻ ഗാനങ്ങൾ രചിട്ടുണ്ട്. തൊഴിലുറപ്പ് തൊഴിലാളിയായ കനകയാണ് ഭാര്യ. സന്ദീപ്, സനീഷ് എന്നിവർ മക്കളാണ്.