sndp
സച്ചിദാനന്ദ സ്വാമി ആനന്ദ തീർത്ഥർ സ്വാമികളുടെ 33 -ാം സമാധി ദിനാചരണം ഉദ്ഘാടനം ചെയ്യുന്നു

ചാലക്കുടി: ശ്രീനാരായണ ഗുരുദേവന്റെ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന വിശ്വദർശനം പ്രായോഗികമാക്കിയ മഹർഷിവര്യനാണ് ഗുരുദേവന്റെ അവസാനത്തെ സംന്യാസി ശിഷ്യനായ സ്വാമി ആനന്ദതീർത്ഥരെന്ന് സച്ചിദാനന്ദ സ്വാമി. ആനന്ദതീർത്ഥർ സ്വാമികളുടെ 33-ാം സമാധി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബ്രാഹ്മണ സമുദായത്തിൽ ജനിച്ച് ഫസ്റ്റ് റാങ്കോടെ എം.എ പാസായ ഒരു ഉന്നതകുലജാതൻ അക്കാലത്ത് ഗുരുദേവ ശിഷ്യത്വം വഹിക്കുന്നതു തന്നെ മഹാവിപ്ലവമാണ്. ഹരിജന സേവനവയുഗ ധർമ്മം എന്ന ആദർശം ഗുരുദേവനിൽ നിന്നും സ്വീകരിച്ച സ്വാമികൾ മലബാർ, കർണാടക, തമിഴ്‌നാട് കേന്ദ്രമാക്കിയാണ് പ്രവർത്തിച്ചതെന്നും സ്വാമി സച്ചിദാനന്ദ വിശദീകരിച്ചു.

ചാലക്കുടി ഗായത്രീ ആശ്രമത്തിൽ നടന്ന ചടങ്ങിൽ മോഹൻദാസ് കൊടുങ്ങല്ലൂർ, സുരേഷ് ശ്രീനാരായണ പഠനകേന്ദ്രം, സൗമ്യ കുന്നപ്പിള്ളി, പ്രദീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. പ്രതിമാസ ചതയ ഗുരുപൂജയും മഹാപ്രസാദ വിതരണവും നടന്നു.