മാള: നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി കഴിഞ്ഞിട്ടും ഗ്രൂപ്പ് പോര് അഴിയാ കുരുക്കായി മുറുകിയതോടെ നട്ടംതിരിഞ്ഞ് കോൺഗ്രസ് നേതൃത്വം. മാള പഞ്ചായത്തിലെ കാവനാട് വാർഡ് 14 ൽ കൈ ചിഹ്നത്തെ ചൊല്ലിയാണ് അവസാന നിമിഷം വരെയും നാടകീയ നീക്കം നടന്നത്.
കൈപ്പത്തി ചിഹ്നവുമായി അവസാനം രംഗത്തെത്തിയ സെൻസന്‍ രാത്രി പാർട്ടി ചിഹ്നം അനുവദിക്കാൻ തീരുമാനിച്ചതായി വരണാധികാരി അറിയിച്ചതോടെ പ്രശ്നം തൽക്കാലത്തേക്ക് ഒഴിവായി. ചില നിയമപരമായ നടപടി ക്രമം പാലിച്ചാണ് ചിഹ്നം ഔദ്യോഗികമായി അനുവദിച്ചതെന്നാണ് സൂചന.
പ്രശ്നം ഇങ്ങനെ : ഐ വിഭാഗത്തിലെ ജോഷി കാഞ്ഞൂത്തറയ്ക്കും എ വിഭാഗത്തിലെ സെൻസൻ അറക്കലിനുമാണ് ഡി.സി.സി ഒരേസമയം കൈപ്പത്തി അനുവദിച്ചത്. ഡി.സി.സി മുതൽ കെ.പി.സി.സി ഭാരവാഹികൾ വരെ രാത്രി ഉറക്കം കളഞ്ഞാണ് മാളയിലെ സ്ഥാനാർത്ഥി നിർണയത്തിനായി രംഗത്തിറങ്ങിയത്. കാവനാട് വാർഡിലെ മുൻ മെമ്പറായിരുന്ന ജോഷി കഴിഞ്ഞ തവണ റിബലായി ഭാര്യ നിതയെ മത്സരിപ്പിച്ച് വിജയിച്ചിരുന്നു. വാർഡ് ജനറൽ ആയപ്പോൾ ഐ വിഭാഗത്തിനായി ജോഷി രംഗത്തിറങ്ങി. ഗ്രൂപ്പ് വീതം വയ്പ്പിൽ ആദ്യം ഐ ഗ്രൂപ്പിന് സീറ്റ് നൽകിയതോടെ ചിഹ്നവും ലഭിച്ചു.
എന്നാൽ പാടെ വെട്ടിനിരത്തപ്പെട്ട എ വിഭാഗം അവസാന ശ്രമത്തിൽ സെൻസനായി ചിഹ്നം ചോദിച്ചുവാങ്ങി. ഇതോടെ ആദ്യം സ്വീകരിച്ചതോ അവസാനത്തേതോ അനുവദിക്കേണ്ടതെന്ന ആശയക്കുഴപ്പമായി. രണ്ട് പക്ഷവും സ്ഥാനാർത്ഥിത്വത്തിൽ കൈപ്പത്തിയുമായി ഉറച്ച് നൽക്കുന്നതിനാൽ രാത്രി വൈകിയും നേതാക്കൾ ചർച്ച നടത്തി. പ്രശ്‌നം ഒഴിഞ്ഞെങ്കിലും തഴയുന്ന ഗ്രൂപ്പിന്റെ നീക്കമെന്താകുമെന്നതും പാർട്ടിയെ ആശങ്കയിലാക്കുന്നുണ്ട്.