ഗുരുവായൂർ: ഗുരുവായൂർ ഏകാദശി നാളെ. ക്ഷേത്രത്തിൽ ഇന്നും നാളെയും അയ്യായിരം പേർക്ക് ദർശനം അനുവദിക്കും. ഏകാദശി ദിനത്തിൽ പതിനായിരങ്ങളാണ് വ്രതം നോറ്റ് ദർശനത്തിനായി ക്ഷേത്രത്തിലെത്തുക പതിവ്. എന്നാൽ ഇത്തവണ കൊവിഡ് 19നെ തുടർന്നുള്ള നിയന്ത്രണം നിലനിൽക്കുന്നതിനാൽ ഓൺലൈനായി ബുക്ക് ചെയ്യുന്നവർക്ക് മാത്രമാണ് ദർശനം അനുവദിക്കുക.
നേരത്തെ മൂവായിരം ഭക്തർക്ക് വീതമാണ് ദശമി, ഏകാദശി ദിവസങ്ങളിൽ ദർശനം അനുവദിക്കാൻ ദേവസ്വം തീരുമാനിച്ചിരുന്നത്. പിന്നീട് ഇത് അയ്യായിരമാക്കി ഉയർത്തുകയായിരുന്നു. ദശമി ദിവസമായ ഇന്ന് രാവിലെ 7 ന് തിരുവെങ്കിടം ക്ഷേത്രത്തിൽ നിന്ന് രണ്ട് ഗജവീരന്മാരുടെ അകമ്പടിയോടെ ഗജരാജൻ കേശവന്റെ ഛായാ ചിത്രത്തോടുകൂടിയ കോലം എഴുന്നള്ളിച്ച് ഗുരുവായൂർ കിഴക്കേനട വഴി ക്ഷേത്രത്തിന് മുന്നിലെത്തി ക്ഷേത്രം പ്രദിക്ഷണം ചെയ്ത് തെക്കെനടയിലെ ഗജരാജൻ കേശവൻ സ്മാരകത്തിന് സമീപം വന്ന് പുഷ്പാർച്ചനയോടെ കേശവൻ അനുസ്മരണം നടത്തും.
മുൻ വർഷങ്ങളിൽ ദേവസ്വത്തിലെ മുപ്പതോളം ആനകൾ അണിനിരക്കുന്ന കേശവൻ അനുസ്മരണ ഘോഷയാത്രയും പ്രശിദ്ധമായ ചെമ്പൈ സംഗീതോത്സവവും ഇത്തവണ ഒഴിവാക്കി ചടങ്ങ് മാത്രമായാണ് നടത്തുന്നത്. ഇത്തവണ ഇന്ന് രാവിലെ 8 ന് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ചെമ്പൈ സ്മാരക പുരസ്‌കാര സമർപ്പണം നടക്കും. ദേവസ്വം ചെയർമാൻ പുരസ്‌കാര സമർപ്പണം നിർവഹിക്കും. തുടർന്ന് പുരസ്‌കാര ജേതാവ് മണ്ണൂർ രാജകുമാരനുണ്ണിയുടെ നേതൃത്വത്തിൽ 20 ഓളം സംഗീതജ്ഞർ പങ്കെടുക്കുന്ന പഞ്ചരത്‌ന കീർത്തനാലാപനം നടക്കും.