പുതുക്കാട്: പുതുക്കാട് പഞ്ചായത്ത് രണ്ടാം വാർഡിൽ ഡി.സി.സി പ്രസിഡന്റ് പ്രഖ്യാപിച്ച സ്ഥാനാർത്ഥി പട്ടികയിൽ അവസാനസമയം മാറ്റം. രണ്ടാം വാർഡിൽ സ്ഥാനാർത്ഥിയായി അംഗീകരിച്ചിരുന്നത് സിജു പയ്യപ്പിള്ളിയെയായിരുന്നു. ഇന്നലെ പത്രിക പിൻവലിക്കാനുള്ള അവസാന സമയത്തിനടുത്ത് സെബി കൊടിയൻ കൈപ്പത്തി ചിഹ്നം തനിക്കാണെന്ന സാക്ഷ്യപത്രവുമായി ഹാജരായി. സെബി കൊടിയനെ കോൺഗ്രസ് സ്ഥാനാർത്ഥിയായി അംഗീകരിച്ചതോടെ സെബിയുടെ നോമിനിയായ സിജു പയ്യപ്പിള്ളി തന്റെ പത്രിക പിൻവലിച്ചു.
ഐ ഗ്രൂപ്പുകാരനായ സെബി ഒരു വർഷം മുമ്പാണ് എ ഗ്രൂപ്പിൽ ചേരുന്നത്. ഐ ഗ്രൂപ്പിന് അവകാശപ്പെട്ടതാണ് രണ്ടാം വാർഡ് എന്ന അവകാശവാദം വന്നതോടെ ഇപ്പോൾ എ ഗ്രൂപ്പുകാരനായ സെബിയുടെ സ്ഥാനാർത്ഥിത്വം അനിശ്ചിതത്വത്തിലായി. ചർച്ചകൾക്കൊടുവിൽ സെബിക്ക് സീറ്റ് നൽകാൻ പറ്റില്ലെന്നും സെബി നിർദ്ദേശിക്കുന്ന വ്യക്തിക്ക് സീറ്റ് നൽകാമെന്ന ഒത്തുതീർപ്പ് വ്യവസ്ഥയുടെ ഭാഗമായിട്ടാണ് സിജു പയ്യപ്പിള്ളിയുടെ സ്ഥാനാർത്ഥിത്വം ഡി.സി.സി അംഗീകരിച്ചത്.
സെബിക്ക് സീറ്റില്ലന്ന് ആശ്വസിച്ചിരുന്ന ഐ ഗ്രൂപ്പ് നേതൃത്വം ശരിക്കും ഞെട്ടിയത് ഇന്നലെ അവസാന സമയം സെബി കൈപ്പത്തി ചിഹ്നം തനിക്കാണെന്ന സാക്ഷ്യപത്രവുമായി എത്തിയപ്പോഴാണ്. പിന്നെ ഒന്നിനും സമയവുമില്ലാതായി. ഡി.സി സി സെക്രട്ടറിയായ സെബി മുൻ മന്ത്രി പി.പി. ജോർജിന്റെ മകളുടെ ഭർത്താവാണ്.
അളഗപ്പയിലും അവസാന നിമിഷം വെട്ടൽ
ആമ്പല്ലൂർ: അളഗപ്പനഗർ ഗ്രാമപഞ്ചായത്തിൽ ഡി.സി.സി നിശ്ചയിച്ച സ്ഥാനാർത്ഥി ലിസ്റ്റിൽ അവസാന നിമിഷം വെട്ടിത്തിരുത്ത്. രണ്ടാം വാർഡിൽ നിശ്ചയിച്ച സ്ഥാനാർത്ഥി ഒ. വിജയനെയാണ് അവസാന നിമിഷം വെട്ടിയത്. പ്രചാരണത്തിൽ എറെ മുന്നേറിയ വിജയൻ ഇന്നലെയും പ്രചരണ തിരക്കിലായിരുന്നു. അവസാന നിമിഷം സനൽ മഞ്ഞളിക്ക് ഡി.സി.സി ചിഹ്നം അനുവദിക്കുകയായിരുന്നു.
ഒ. വിജയനോട് പത്രിക പിൻവലിക്കാൻ ജില്ലാ കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടെങ്കിലും പിൻവലിച്ചിട്ടില്ല. സി.പി.എം സ്ഥാനാർത്ഥി ശശിധരനാണ് ഇവിടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി. വാർഡിലാകെ വിജയന്റെ ഫോട്ടേയും കൈപ്പത്തി ചിഹ്നത്തിൽ വോട്ട് അഭ്യർത്ഥിച്ചുള്ള പോസ്റ്ററുകളും നിറഞ്ഞു നിൽക്കുമ്പോഴാണ് ആളുമാറിയത്. പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രവർത്തകർ തമ്മിൽ വാക്കേറ്റവും തർക്കവും നിലനിൽക്കേയാണ് അവസാന സമയം സനലിന് ചിഹ്നം അനുവദിച്ച കത്ത് നൽകാനായത്.
അളഗപ്പനഗർ ഗ്രാമപഞ്ചായത്തിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയിൽ മൂന്ന് ഈഴവർ, രണ്ട് നായർ, ഒരു പട്ടികജാതിയും കഴിച്ച് പതിനൊന്ന് സ്ഥാനാർത്ഥികളും ക്രിസ്ത്യൻ സമുദായത്തിൽ നിന്നുള്ളവരാണ്. ഇതും വോട്ടർമാർക്കിടയിൽ ചർച്ചയാകുന്നുണ്ട്.