ചാലക്കുടി: നഗരസഭയിൽ റിബൽ ശല്യത്തിൽ അങ്കലാപ്പിലായി യു.ഡി.എഫ്. ഒരു വാർഡിൽ എൽ.ഡി.എഫിനും വിമതനുണ്ട്. പോട്ട പറക്കൊട്ടിലിങ്കൽ ക്ഷേത്രം വാർഡിൽ മുൻ കൗൺസിലർ സരള നീലങ്കാട്ടിൽ ഔദ്യോഗിക സ്ഥാനാർത്ഥിയ്ക്കെതിരെ മത്സര രംഗത്തുണ്ട്. കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റും മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായിരുന്ന ഐ.എൽ. ആന്റോയും ഇക്കുറി വിമത സ്ഥാനാർത്ഥിയായി. ഗായത്രി ആശ്രമം വാർഡിലാണ് അദ്ദേഹത്തിന്റെ മത്സരം. ഔദ്യോഗിക സ്ഥാനാർത്ഥിയായി ആദ്യഘട്ടത്തിൽ ഐ.എൽ. ആന്റോയുടെ പേര് വന്നെങ്കിലും ഐ ഗ്രൂപ്പുകാരനായ അദ്ദേഹത്തെ അവസാന നിമിഷം തഴയുകയായിരുന്നു. കോൺഗ്രസിന് മുൻതൂക്കമുള്ള കോട്ടാറ്റും മറ്റൊരു റിബൽ മത്സരിക്കുന്നു. ബാബുവാണ് ഇവിടെ ഔദ്യാഗിക സ്ഥാനാർത്ഥിക്കെതിരെ രംഗത്തുള്ളത്. ഉറുമ്പൻകുന്നിൽ സി.പി.എമ്മിലെ പി.എസ്്. സന്തോഷിന് റിബലായി പാർട്ടി പ്രവർത്തകൻ സുനോജും മത്സരിക്കുന്നുണ്ട്.
പഞ്ചായത്തുകളിലും റിബൽ ശല്യത്താൽ ബുദ്ധിമുട്ടിലായിരിക്കുകയാണ് യു.ഡി.എഫ്. പരിയാരം, മേലൂർ പഞ്ചയത്തുകളിലാണ് പ്രതിപക്ഷമായ യു.ഡി.എഫിനെ അങ്കലാപ്പിലാക്കുന്നത്. പരിയാരത്ത് 9 വാർഡുകളിലും പാർട്ടിയിലെ നേതാക്കളും പ്രവർത്തകരും ഒദ്യോഗിക വിലക്ക് ലംഘിച്ച് മത്സരിക്കുന്നു. അഞ്ചാം വാർഡിൽ മൂന്നു റിബലുകൾ രംഗത്തെത്തി. നിലവിൽ പഞ്ചായത്തംഗമായിരുന്ന ബെന്നി ആന്റണിയാണ് 11-ാം വാർഡിൽ റിബൽ സ്ഥാനാർത്ഥി. 12-ാം വാർഡിലാണ് സി.പി.എമ്മിന്റെ റിബൽ സ്ഥാനാർത്ഥി.
കുറ്റിക്കാട് ബ്ലോക്ക് ഡിവിഷനിലേയ്ക്ക് സി.പി.ഐ സ്ഥാനാർത്ഥിക്കെതിരെ സി.പി.എമ്മിലെ ഷൈസനും മത്സരിക്കുന്നു. മേലൂരിലെ മൂന്നു വാർഡുകളിലും റിബൽ സ്ഥാനാർത്ഥികൾ യു.ഡി.എഫിന് കനത്ത ഭീഷിണിയാണ്. 1,8,9 വാർഡുകളാണ് ഇത്തരത്തിൽ ദുരിതത്തിലായത്. കോടശേരിയിലെ രണ്ടു വാർഡിൽ കോൺഗ്രസിന് വിമതനുണ്ട്്. എലിഞ്ഞിപ്രയിലെ ബ്ലോക്ക് ഡിവിഷനിൽ മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായ ഡെന്നീസ് കെ.ആന്റണി വിമത സ്ഥാനാർത്ഥിയായി. കൊരട്ടിയിലെ മൂന്നു വാർഡുകളിൽ യു.ഡി.എഫ് വിമത ഭീഷണിയിലാണ്. സിറ്റിംഗ് വാർഡുകളായ എട്ട്്, 15 എന്നിവിടങ്ങളിൽ രണ്ടു പേർ വീതമാണ് ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ രംഗത്തുള്ളത്. 14-ാം വാർഡിലും മറ്റൊരു വിമതനുണ്ട്്.
ഇതാദ്യമായി കാടുകുറ്റിയിലും കോൺഗ്രസ് കനത്ത വെല്ലുവിളി നേരിടുകയാണ്. നാലു വാർഡുകളിൽ റിബലുകളുണ്ട്്. 2,3,13 എന്നീ വാർഡുകളിൽ ഓരോരുത്തരും 15ൽ മൂന്നാളുകളും വിമതരായി മത്സരിക്കുന്നു. സിറ്റിംഗ് അംഗമായ ബിന്ദുശശി വാർഡ് 14ൽ എൻ.ഡി.എ സ്ഥാനാർത്ഥിയായത് കോൺഗ്രസിന് കനത്ത തിരിച്ചടിയായി. പത്താംവാഡിൽ പാർട്ടി നേതാവ് എൻ.ഡി.എ സ്ഥാനാർത്ഥിയായി.