മാള: കൊവിഡ് അടച്ചുപൂട്ടിയ വിദ്യാലയം ഇനി എന്ന് തുറക്കുമെന്നറിയില്ല, എങ്കിലും കുട്ടികൾ എത്തുമ്പോൾ ആ മങ്ങിയ ചിത്രങ്ങളുടെ സ്ഥാനത്ത് വർണങ്ങൾ നിറഞ്ഞ കാഴ്ചകൾ നിറയും. ഒരുകാലത്ത് നാട്ടിൽ പരസ്യകലയിലൂടെ ശ്രദ്ധേയനായ രാജൻ കുഴൂർ ഇപ്പോൾ തെക്കൻ താണിശേരി സെൻ്റ് സേവിയേഴ്‌സ് എൽ.പി സ്‌കൂളിലെ ഭിത്തികൾക്ക് നിറങ്ങൾ പകരുകയാണ്. കൊവിഡ് കാരണം പണി ഇല്ലാതായപ്പോഴാണ് രാജൻ വീണ്ടും ചിത്രം വരയ്ക്കാൻ തുടങ്ങിയത്.
ഉണ്ണിക്കൃഷ്ണൻ മേക്കളി വർഷങ്ങൾക്ക് മുമ്പ് വരച്ച ചിത്രങ്ങളിൽ ചിലത് മാറ്റിയും പുതിയത് വരച്ച് ചേർത്തുമാണ് രാജൻ ചുമരുകളെ മനോഹരമാക്കുന്നത്. 1982-1990 കാലഘട്ടത്തിൽ നാട്ടിലെ താരമായിരുന്ന രാജൻ നിരവധി വീടുകളിലും ഭിത്തികളിലുമായി വൈവിദ്ധ്യങ്ങളായ ചിത്രങ്ങളൊരുക്കി. പിന്നീട് സ്വർണാഭരണങ്ങളിൽ ചിത്രപ്പണി ചെയ്യുന്ന ജോലി ലഭിച്ചതോടെ വിദേശത്തേക്ക് പോയി. 2010 ൽ തിരിച്ചെത്തിയ ശേഷം തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രത്തിൽ ഇതേ ജോലി തുടർന്നു. വിദേശ രാജ്യങ്ങളിലടക്കം രാജൻ്റെ കൊത്തുപണികളോട് കൂടിയ ആഭരങ്ങൾക്ക് അക്കാലത്ത് വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.
ഐരാണിക്കുളം തട്ടാൻപറമ്പിൽ രാജൻ ചിത്രകലയിൽ നേടിയ പ്രാവീണ്യത്തിന് പത്തര മാറ്റിൻ്റെ തിളക്കം ഉണ്ടെങ്കിലും കണ്ണിൻ്റെ കാഴ്‌ചയിൽ അൽപം മങ്ങൽ ഉണ്ടായിട്ടുണ്ട്. ലോക്ഡൗൺ കാലത്ത് പേപ്പർ കൊണ്ട് വീട് നിർമ്മിച്ച തൻ്റെ മകൾക്കൊപ്പമുള്ള ചിത്രവും വാർത്തയും കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ചിരുന്നു. അന്നത്തെ വാർത്തയാണ് ഈ രംഗത്ത് വീണ്ടും സജീവമാകാൻ ഇടയാക്കിയതെന്ന് രാജൻ പറഞ്ഞു. ഇപ്പോൾ വാർത്ത കണ്ട് വിദേശങ്ങളിൽ നിന്നുവരെ അന്വേഷണങ്ങൾ എത്തുന്നുണ്ട്. ലോക് ഡൗൺ കാലം മുതൽ പണിശാലകളിൽ പണിയില്ലാതായതോടെ രാജനും കുടുംബവും പ്രയാസത്തിലായിരുന്നു. പുതിയ തലമുറയ്ക്ക് രാജൻ കുഴൂരിനെ കുറിച്ച് അറിയില്ലെങ്കിലും 54 കാരനായ ഈ ചിത്രകാരൻ ഒരുകാലത്ത് കുഴൂർ ഗ്രാമത്തിലെ വി.ഐ.പി കളിൽ പ്രധാനിയായിരുന്നു.