പുതുക്കാട്: പാലിയേക്കര ടോൾപ്ലാസയിലെ ഗതാഗത കുരുക്കിനെ സംബന്ധിച്ച് ജില്ലാ കളക്ടർ റിപ്പോർട്ട് സമർപ്പിച്ച് രണ്ട് മാസം കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാത്ത കരാർ കമ്പനിയുടെ നിലപാട് അപലപനീയമാണെന്നും ഇതിന് പരിഹാരമുണ്ടായില്ലെങ്കിൽ കാത്തിരിക്കുന്നത് വൻ ഗതാഗത കുരുക്ക് ആയിരിക്കുമെന്നും ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ ജോസഫ് ടാജറ്റ്. ടോൾ പ്ലാസയിൽ ഫാസ് ടാഗ് റീഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട സംവിധാനം താഴ്ന്ന നിലവാരമുള്ളതാണെന്നും ടാഗ് റീഡ് ചെയ്യുന്നതിന് ഏറെ സമയം എടുക്കുന്നതുമാണ് കുരുക്കിന് പ്രധാന കാരണമായി കളക്ടർ കണ്ടെത്തിയത്. അതിനാൽ രണ്ട് മാസം ടോൾ കളക്ഷൻ നിറുത്തിവെച്ച് പുതിയ മേന്മയുള്ള സിസ്റ്റം സ്ഥാപിക്കണമെന്നാണ് കളക്ടർ നിർദ്ദേശിച്ചിട്ടുള്ളത്. വേണ്ട നടപടി സ്വീകരിക്കാൻ സ്വതന്ത്ര എൻജിനിയറിംഗ് സ്ഥാപനം കരാർ കമ്പനിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും വിവരാവകാശ രേഖ പ്രകാരം വ്യക്തമാകുന്നു.

ടോൾ ആരംഭിച്ച സമയം ഒരു ദിവസം പതിനായിരം വാഹനങ്ങൾ ആയിരുന്നെങ്കിൽ ഇപ്പോൾ 43,000 വാഹനങ്ങളാണെന്ന് കളക്ടറുടെ റിപ്പോർട്ട് പറയുന്നു. ജനുവരി മുതൽ പൂർണമായും ഫാസ് ടാഗ് സംവിധാനം വരികയും തദ്ദേശീയരുടെ സൗജന്യ പാസ് വിഷയത്തിൽ പരിഹാരം ഉണ്ടാവാതിരിക്കുകയും ചെയ്താൽ വലിയ പ്രശ്‌നമാണ് ഉണ്ടാവുക. അതിനാൽ തന്നെ ടോൾ ബൂത്തുകൾ കൂടുതലായി സ്ഥാപിക്കുകയോ അല്ലെങ്കിൽ മറ്റ് മാർഗ്ഗങ്ങൾ തേടുകയോ വേണം. ഈ പ്രശ്‌നത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് പരിഹാരം ഉണ്ടാക്കണമെന്ന് അഡ്വ. ജോസഫ് ടാജറ്റ് ആവശ്യപ്പെട്ടു.