ചാലക്കുടി: നഗരസഭ രൂപീകരിച്ച 1970 മുതൽ തുടക്കമിട്ടതാണ് കാലുമാറ്റവും കൂറുമാറ്റവുമെന്ന ചാലക്കുടിയിലെ ശാപം. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്കുകൾക്കിടയിലൂടെ വഴുതിയും തെന്നിയും മാറി ഇന്നും നഗരസഭയുടെ ഇടനാഴിയിലൂടെ ആ പ്രേതം കറങ്ങുന്നുണ്ട്.

ഇരുമുന്നണികളികളെയും മാറിമാറി വരിച്ച ചാലക്കുടിക്ക് പലപ്പോഴും ഭരണത്തിന് സ്വതന്ത്രന്മാരെ ആശ്രയിക്കേണ്ടിവന്നു. എൽ.ഡി.എഫ് ഭരിച്ച ഇക്കഴിഞ്ഞ തവണയും ഉണ്ടായത് ചരിത്രത്തിന്റെ തനിയാവർത്തനം. കേവല ഭൂരിപക്ഷത്തിന് വേണ്ട 19 പേരുടെ അംഗബലത്തിനായി രണ്ടു സ്വന്തന്ത്രന്മാരെ ഒപ്പം നിറുത്തേണ്ടിവന്നു, ഇടതുമുന്നണിക്ക്.

ഏറെ വിവാദം നിറഞ്ഞതും ഒപ്പം വികസന പ്രവർത്തനങ്ങളിൽ വൻമുന്നേറ്റമുണ്ടാക്കുകയും ചെയ്ത ഭരണമാണ് കടന്നുപോയത്. മഹാപ്രളയം താണ്ഡവമാടിയ നഗരത്തിന് കോടിക്കണക്കിന് രൂപയുടെ നഷ്ടങ്ങളുണ്ടായി. പ്രതിരോധ പ്രവർത്തനങ്ങളിൽ അവകാശവാദം ഏറെയുണ്ടെങ്കിലും മരണം കുറയ്ക്കാനായതും കാലതാമസമില്ലാതെ നഗരത്തെ പൂർവസ്ഥിതിയിലാക്കാനും കഴിഞ്ഞത് ഭരണസമിതിയുടെ നേട്ടമാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച താലൂക്ക് ആശുപത്രിയായി ചാലക്കുടിയുടെ ആതുരാലയം മാറിയതിന്റെ മുഖ്യ പങ്ക് നഗരസഭാ അധികൃതർക്കായിരുന്നു.

കായിക വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ ആധുനിക പാർക്ക് സ്ഥാപിക്കാൻ കഴിഞ്ഞു. നഗരമദ്ധ്യത്തിൽ തല ഉയർത്തി നിൽക്കുന്ന ഇൻഡോർ സ്്‌റ്റേഡിയം മറ്റൊരു നേട്ടമാണ്. കിഫ്ബിയിൽ നിന്നും പത്ത് കോടി ചെലവിൽ നിർമ്മിച്ചതാണ് ഈ അഭിമാന സ്തംഭം. ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ടൗൺഹാൾ പൂർത്തീകരണത്തിന് 6 കോടി രൂപയാണ് ചെലവഴിച്ചത്. അവസാന ഘട്ടത്തിലാണെങ്കിലും സ്റ്റാൻഡ് നാടിന് സമർപ്പിച്ചതിലും ഭരണപക്ഷം അഭിമാനം കാണുന്നു. സംസ്ഥാനത്തുതന്നെ ആദ്യമായി ആയുർവേദ ആശുപത്രിയുടെ നിർമ്മാണവും തുടങ്ങി. ലൈഫ് പദ്ധതിയിലൂടെ 500 കുടുംബങ്ങൾക്കാണ് പാർപ്പിടം ഒരുക്കിയത്. പുതുതായി 5000 വ്യക്തികൾക്ക് സാമൂഹിക പെൻഷനുകളും നൽകി. കൊവിഡ് പ്രതിരോധത്തിനും കഠിന പ്രയ്തനമാണ് ഭരണസമിതി നടത്തിയത്. 15 പുതിയ അംഗൻവാടികളും തുടങ്ങി.

കഴിഞ്ഞ ഭരണസമിതിയുടെ അവകാശ വാദങ്ങളെ പാടെ നിരാകരിക്കുകയാണ് പ്രതിപക്ഷമായ യു.ഡി.എഫ്. 30 മുപ്പത് കോടി രൂപയുടെ വിവിധ ഗ്രാന്റുകൾ ഭരണസമിതി നഷ്ടപ്പെടുത്തിയെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി ഉപനേതാവ് ഷിബു വാലപ്പൻ കുറ്റപ്പെടുത്തുന്നു. അനൈക്യത്തിന്റെ ഭരണം കാഴ്ച വച്ചതിലൂടെ നഗരസഭയുടെ അഞ്ചു വർഷം പാഴാക്കി. അവസാന ഘട്ടത്തിൽ ചില പദ്ധതികൾ പൂർത്തിയാക്കിയത്് ഉയർത്തിക്കാട്ടുന്നതിൽ കഴമ്പില്ലെന്നും കോൺഗ്രസ് പറയുന്നു. ഇതിനു മുൻപിലെ ഭരണ സമിതികൾ പൂർത്തീകരണത്തിന്റെ വക്കോളം എത്തിച്ച പദ്ധതികളാണ് മിക്കതും പൂർത്തീകരിച്ചത്. ജനങ്ങൾക്ക് ഗുണപരമായ നേട്ടങ്ങൾക്കായി ഭരണസമിതി പ്രവർത്തിച്ചില്ലെന്നും ഷിബു വാലപ്പൻ പറയുന്നു.

ഇടതു വലതു പക്ഷങ്ങളുടെ മാറിമാറിയുള്ള ഭരണത്തിൽ യഥാർത്ഥ വികസനം എന്തെന്ന് അറിയാത്ത നഗരസഭയാണ് ചാലക്കുടിയിലേതെന്ന്് ബി.ജെ.പി നേതാവ് കെ.പി. ജോണി കുറ്റപ്പെടുത്തി. തങ്ങൾക്ക്് മതിയായ പ്രാതിനിധ്യം ലഭിച്ചാൽ ഇതിനു വേണ്ടി സമ്മർദ്ദം ചെലുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയ പാതയിലെ അടിപ്പാത പ്രശ്്‌നം മൂന്നു മുന്നണികളെയും വെട്ടിലാക്കുന്നുണ്ട്്. വികസനങ്ങളും അതിലുപരി പോരായ്മകളുമായി കടന്നുപോകുന്ന നഗരസഭയുടെ അടുത്ത ഭരണം പിടിക്കാൻ മുന്നണികൾ സജീവമായി രംഗത്തുണ്ട്. 36 അംഗ കൗൺസിലിൽ 19 പേരായിരുന്നു എൽ.ഡി.എഫിന് കഴിഞ്ഞ സമിതിയിൽ ഉണ്ടായിരുന്നത്. ഇതിൽ വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ, പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ യു.വി. മാർട്ടിൻ എന്നിവർ സ്വതന്ത്രൻമാരായിരുന്നു. പ്രതിപക്ഷമായ യു.ഡി.എഫിന്റെ അംഗബലം 16. അവശേഷിക്കുന്ന ഒരു സീറ്റ് ബി.ജെ.പിക്കായിരുന്നു.

മഹാപ്രളയം, അതിവർഷം, ചുഴലിക്കാറ്റ്, കൊവവിഡ് എന്നിവ കനത്ത വെല്ലുവിളി ഉയർത്തിയെങ്കിലും ഒരു ഭരണസമിതിക്കും സൃഷ്ടിക്കാൻ കഴിയാതിരുന്ന നേട്ടങ്ങളാണ് കഴിഞ്ഞ 5 വർഷത്തെ ഭരണത്തിൽ ചാലക്കുടിക്ക് ഉണ്ടായത്.
- ജയന്തി പ്രവീൺകുമാർ, ചെയർപേഴ്‌സൺ

സംസ്ഥാനത്ത് ആശ്രയ പദ്ധതി നടപ്പാക്കാത്ത ഏക നഗരസഭയാണ് ചാലക്കുടിയിലേത്. 30 മുപ്പത് കോടി രൂപയുടെ വിവിധ ഗ്രാന്റുകൾ ഭരണസമിതി നഷ്ടപ്പെടുത്തി. അവസാനം പൂർത്തിയാക്കിയ പദ്ധതികൾ മിക്കതും കഴിഞ്ഞ ഭരണസമിതി വക്കോളം എത്തിച്ചതായിരുന്നു.
- ഷിബു വാലപ്പൻ, കോൺഗ്രസ്