കൊടകര: വാടകയ്ക്ക് എടുത്ത ആഡംബരക്കാറിന്റെ ഡിക്കിയിൽ പോളിത്തീൻ കവറിൽ പൊതിഞ്ഞ് കടത്താൻ ശ്രമിച്ച 56 കിലോ കഞ്ചാവുമായി വെള്ളിക്കുളങ്ങര മോനൊടി മൂഞ്ഞേലി വീട്ടിൽ ദീപു എന്ന ദീപക് (24), വെള്ളിക്കുളങ്ങര കട്ടിപ്പൊക്കം ചോന്നിപ്പറമ്പിൽ അനന്തു (23) എന്നിവരെ പിടികൂടി.
കൊടകര മേൽപ്പാലത്തിന് സമീപത്ത് നിന്നുമാണ് ഇവരെ പിടികൂടിയത്. അനന്തു നിരവധി കേസുകളിൽ പ്രതിയാണ്. എറണാകുളം ജില്ലയിലെ കഞ്ചാവ് കച്ചവടക്കാർക്ക് നേരിട്ടെത്തിക്കാൻ കൊണ്ടുവന്ന കഞ്ചാവാണ് പൊലീസ് പിടികൂടിയത്. കഞ്ചാവ് പൊതികൾ നിരത്തി അതിനു മുകളിൽ ബാഗുകൾ ഉപയോഗിച്ച് മറച്ചുവെച്ച നിലയിലായിരുന്നു. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് നിന്നാണ് കഞ്ചാവ് കൊണ്ടുവന്നത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്നു വരുന്ന ഡാർക്ക് നൈറ്റ് ഹണ്ടിംഗ് എന്ന പ്രത്യേക വാഹന പരിശോധനയ്ക്കിടെ നിറുത്താതെ പോയ കാറിനെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണമാണ് കഞ്ചാവ് പിടികൂടുന്നതിന് വഴിയൊരുക്കിയത്. ഡ്രോൺ ഉപയോഗിച്ചാണ് ദേശീയ പാതയിൽ വാഹനം കണ്ടെത്തിയത്. സമീപകാലത്ത് ജില്ലയിൽ നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്. ഡി.സി.ആർ.ബി ഡിവൈ.എസ്.പി രാമചന്ദ്രൻ, ചാലക്കുടി ഡിവൈ.എസ്.പി സി.ആർ സന്തോഷ്, കൊടകര സർക്കിൾ ഇൻസ്‌പെക്ടർ ജയേഷ് ബാലൻ, കൊടകര എസ്.ഐ ഷാജൻ, പ്രത്യേകാന്വേഷണ സംഘത്തിലെ എ.എസ്.ഐമാരായ ജിനുമോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ, സീനിയർ സി.പി.ഒമാരായ വി.യു ലിൽജോ, എ.യു റെജി, ഷിജോ തോമസ്, കൊടകര സ്റ്റേഷനിലെ അഡിഷണൽ എസ്.ഐ സോജൻ, തോമസ് റെജി മോൻ, സീനിയർ സി.പി.ഒമാരായ ബി. സതീഷ്, റെനീഷ്, രജനീശൻ, ടി.ടി ബൈജു തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.