ചാവക്കാട്: മുനക്കക്കടവ് അഴിമുഖത്ത് വയോധിക ദമ്പതികൾ താമസിച്ചിരുന്ന വീട് കത്തി നശിച്ചു. വീട് പണിക്കായി മാറ്റി വെച്ചിരുന്ന ഒന്നരലക്ഷം രൂപയും വീട്ടുപകരണങ്ങളും മറ്റ് രേഖകളും കത്തിച്ചാമ്പലായി. വീട്ടിലുണ്ടായിരുന്ന വളർത്തു നായയും തീപിടിത്തത്തിൽ ചത്തു. പുതു ശങ്കുരുവിന്റെ വീടാണ് പൂർണമായും കത്തി നശിച്ചത്. ശങ്കുരുവിന്റെ ഭാര്യ തങ്കമണി തീപ്പിടിത്ത സമയത്ത് വീട്ടിലുണ്ടായിരുന്നില്ല. കടലിൽ നിന്നും സമീപത്തെ തോടുകളിൽ നിന്നും വെള്ളമൊഴിച്ച് നാട്ടുകാർ തീ കെടുത്താൻ ശ്രമിച്ചു. തൊട്ടടുത്ത വീട്ടിലേക്ക് തീ പടരുന്നത് തടയാനുമായി. പിന്നീട് ഗുരുവായൂരിൽ നിന്നും അഗ്‌നിരക്ഷാ സേനയും ചാവക്കാട് എസ്.ഐ യു.കെ. ഷാജഹാന്റെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തി.