കയ്പമംഗലം: തദ്ദേശ തിരഞ്ഞെടുപ്പിൽ എടത്തിരുത്തി പഞ്ചായത്തിൽ 18 വാർഡിലേക്ക് മത്സരിക്കുന്നത് 61 പേർ. ഇതിൽ 31 പേർ വനിതകളും, 30 പേർ പുരുഷന്മാരും. ഇടതു കോട്ടയിലെ ഭരണം നിലനിറുത്താൻ എൽ.ഡി.എഫും, ഭരണം പിടിച്ചെടുക്കാൻ യു.ഡി.എഫും, അക്കൗണ്ട് തുറക്കാൻ എൻ.ഡി.എയും ശക്തമായി രംഗത്തുണ്ട്. ഇത്തവണ എൽ.ഡി.എഫിനും മുഖ്യപാർട്ടിയായ സി.പി.എമ്മിനും ഭരണം നിലനിറുത്താൻ ഏറെ വിയർപ്പൊഴുക്കേണ്ടി വരും.
രക്തസാക്ഷിയായ സർദാർ ഗോപാലകൃഷ്ണന്റെ ജന്മനാടും, കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അടിത്തറയുള്ള പഞ്ചായത്തിൽ മൂന്നു വട്ടം ഒഴികെ ബാക്കിയെല്ലാം ഇടതുപക്ഷം തന്നെയാണ് ഭരിച്ചത്. ഇടയ്ക്ക് യു.ഡി.എഫ് ഭരിച്ചിരുന്നെങ്കിലും കഴിഞ്ഞ 15 വർഷമായി എൽ.ഡി.എഫ് ഭരണം നിലനിറുത്തി പോന്നു. ബി.ജെ.പിക്ക് ഇതുവരെ അക്കൗണ്ട് തുറക്കാനായിട്ടില്ല. കൊട്ടിഘോഷിച്ചു കൊണ്ടുവന്ന പല പദ്ധതികളും പൂർത്തിയാക്കാതെ പോയതും, പുതിയ കുടിവെള്ള പദ്ധതികൾ തുടങ്ങിവെച്ചതും നേട്ടങ്ങളും കോട്ടങ്ങളുമായി കക്ഷികൾ ഉയർത്തിക്കാണിക്കും. ശക്തമായ ത്രികോണ മത്സരത്തിനാണ് സാദ്ധ്യതയെങ്കിലും പല വാർഡുകളിലും സ്വാധീനമുള്ള ജനകീയ സംരക്ഷണ മുന്നണിയും ചില സ്വതന്ത്രന്മാരും മത്സരിക്കുന്നത് മൂന്ന് മുന്നണികൾക്കും ഭീഷണിയാകും. മുമ്പ് സി.പി.എം സ്ഥാനാർത്ഥിക്കെതിരെ സി.പി.എം വിമതൻ ജയിച്ച ചരിത്രവുമുണ്ട്. 12-ാം വാർഡിൽ എൽ.ഡി.എഫ് വിമതനും മത്സര രംഗത്തുണ്ട്. എൽ.ഡി.എഫിൽ 14 വാർഡുകളിൽ സി.പി.എമ്മും, 4 വാർഡുകളിൽ സി.പി.ഐയുമാണ് മത്സരിക്കുന്നത്. ഭരണസമിതിയിലെ അംഗങ്ങളായ രണ്ട് പേരാണ് നിലവിൽ മത്സര രംഗത്തുള്ളത്.
പഞ്ചായത്ത് പ്രസിഡന്റായിരുന്ന ബൈന പ്രദീപ് 17 ാം വാർഡിലും, ഹേന രമേഷ് 15 ാം വാർഡിലും സി.പി.എം സ്ഥാനാർത്ഥികളാകും. യു.ഡി.എഫിൽ 13 വാർഡിൽ കോൺഗ്രസും, രണ്ട് വാർഡിൽ മുസ്‌ലീം ലീഗും, രണ്ട് വാർഡുകളിൽ യു.ഡി.എഫ് സ്വതന്ത്രന്മാരും ഒരു വാർഡിൽ വെൽഫെയർ പാർട്ടിയും മത്സരിക്കും. നിലവിലെ കോൺഗ്രസ് അംഗങ്ങളായ എ.കെ ജമാൽ 5 ാം വാർഡിലും, ഉമറുൽ ഫറുഖ് 12 ാം വാർഡിലും, അമ്പിളി പ്രിൻസ് 3 ാം വാർഡിലും വീണ്ടും ജനവിധി തേടും. എൻ.ഡി.എയിൽ 16 വാർഡുകളിൽ ബി.ജെ.പിയും, 2 വാർഡിൽ ബി.ഡി.ജെ.എസും മത്സരിക്കും.
കക്ഷി നില ഇങ്ങനെ