തൃശൂർ: വിജയം പിടിക്കാൻ നെട്ടോട്ടം ഓടുന്നതിനിടെ ഗ്രൂപ്പ് പോരുമായി നേതാക്കൾ പടപുറപ്പാട് നടത്തുന്നതിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ ആശങ്കയിൽ. സ്ഥാനാർത്ഥി നിർണ്ണയം കഴിഞ്ഞ് പത്രിക സമർപ്പണവും പിൻവലിക്കലും കഴിഞ്ഞ് സ്ഥാനാർത്ഥികൾ പ്രചാരണ രംഗത്ത് തുടരുന്നതിനിടെയാണ് മുതിർന്ന നേതാക്കൾ ഗ്രൂപ്പ് യുദ്ധം മുറുക്കിയിരിക്കുന്നത്.
കോർപ്പറേഷനിൽ അടക്കം വിവിധ സ്ഥലങ്ങളിൽ വിമതശല്യം ഉണ്ടെങ്കിലും അതെല്ലാം പരിഹരിക്കാൻ ശ്രമം നടത്തുന്നതിനിടെയാണ് ഇന്നലെ മുതിർന്ന നേതാവ് കെ.പി.വിശ്വനാഥൻ ഡി.സി.സി പ്രസിഡന്റിനെതിരെ രംഗത്ത് വന്നത്. ജില്ലാ യോഗങ്ങളിൽ തീരുമാനിച്ച സ്ഥാനാർത്ഥികളല്ല അന്തിമപ്പട്ടികയിൽ വന്നതെന്നും ഡി.സി.സി പ്രസിഡന്റ് ഏകപക്ഷീയമായി തീരുമാനമെടുത്തതായും ഒരു വിഭാഗത്തെ മുഴുവനായി തള്ളിയെന്നും വിശ്വനാഥൻ പറഞ്ഞിരുന്നു. എ ഗ്രൂപ്പിന്റെ പ്രധാനപ്പെട്ട പല സീറ്റുകളും നഷ്ടപ്പെട്ടു. നേരത്തെ ധാരണയിലെത്തിയ പട്ടിക മാറ്റിയാണ് പിന്നീട് തയ്യാറാക്കിയത്. കെ.പി.സി.സിയുടെ മാനദണ്ഡം പാലിച്ചില്ല. ജില്ലയിലെ മുതിർന്ന നേതാക്കളോട് പോലും കൂടിയാലോചിക്കാതെയാണ് തീരുമാനമെടുക്കുന്നതെന്നും വിസ്വനാഥൻ തുറന്നടിച്ചിരുന്നു. ആരോപണം വാസ്തവ വിരുദ്ധമാണെന്നും വിജയസാദ്ധ്യതയുള്ളവരെയാണ് സ്ഥാനാർത്ഥികളാക്കിയതെന്നും ഡി.സി.സി പ്രസിഡന്റ് വിൻസന്റിന്റെ പ്രതികരണം. പരാതികളുണ്ടെങ്കിൽ പരിശോധിക്കുമെന്നും മുതിർന്ന നേതാക്കളുടെ അഭിപ്രായം ഓരോ ഘട്ടത്തിലും തേടിയിരുന്നുവെന്നും വിൻസെന്റ് പറയുന്നുണ്ടെങ്കിലും സീറ്റ് ലഭിക്കാത്തവർ ഇതിനെ തള്ളികളയുകയാണ്.
വിമതരും ഭീഷണി
അതേസമയം, തിരഞ്ഞെടുപ്പ് കാലത്ത് ഉയർന്ന പരസ്യപ്പോര് തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമോയെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. കോർപ്പറേഷൻ പരിധിയിൽ നിരവധി സ്ഥലങ്ങളിൽ ഇതിനോടകം പല ഡിവിഷനുകളിലും ഉള്ള വിമതർ കടുത്ത ഭീഷണിയാണ് കോൺഗ്രസിന് ഉയർത്തുന്നത്. വിമതരായി രംഗത്തുള്ളവർ മുൻ കൗൺസിലർമാർ നെട്ടിശേരി, നടത്തറ,കോക്കാലെ ,ഗാന്ധി നഗർ എന്നിവിടങ്ങളിലാണ് പ്രധാനമായും വിമതർ ഉള്ളത്. നെട്ടിശേരിയിൽ ഔദ്യോഗിക സ്ഥാനാർത്ഥി ബൈജു വർഗീസിനെതിരെ ഇവിടെ മുൻ കൗൺസിലർ ആയിരുന്ന എം.കെ.വർഗീസാണ് വിമതൻ. ബൈജു സ്ഥാനാർത്ഥിയായി വരുന്നതിന് മുമ്പ് തന്നെ കൈപ്പത്തി ചിഹ്നം വരച്ച് ഫ്ലക്‌സുകൾ ഉയർത്തി പ്രചാരണം തുടങ്ങിയ വർഗീസിനെ മാറ്റുകയായിരുന്നു. എന്നാൽ സ്ഥാനാർത്ഥിത്വം പിൻവലിക്കാതിരുന്ന വർഗീസ് ശക്തമായ വെല്ലുവിളിയാണ് ഉയർത്തുന്നത്. നടത്തറയിൽ കോൺഗ്രസ് സ്ഥാനാർത്ഥി ടി.ആർ.സന്തോഷിനെതിരെ മുൻ കൗൺസിലർ കിരൺ.സി.ലാസറാണ് വിമതനായി രംഗത്തുള്ളത്. കഴിഞ്ഞ തവണ തൈക്കാട്ടുശേരിയിൽ മത്സരിച്ച സന്തോഷ് നടത്തറയിലേക്ക് കുടിയേറുകയായിരുന്നുവെന്നാണ് കിരൺ.സി.ലാസറിന്റെ പ്രചാരണം. കോക്കാലെയിൽ ലീഗിലെ അഷ്‌റഫ് ആണ് ഔദ്യോഗിക സ്ഥാനാർത്ഥി. എന്നാൽ ഇതിനെതിരെ ലീഗിലെ തന്നെ അൻവർ രംഗത്തുണ്ട്. കൂടാതെ മുൻ കോൺഗ്രസുകാരനും കൗൺസിലറുമായിരുന്ന അബ്ദുൾ മുത്തലീഫും രംഗത്തുണ്ട്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന സ്ഥലം കൂടിയാണ് കൊക്കാലെ. കോൺഗ്രസ് മേയർ സ്ഥാനാർത്ഥിയായി കാണുന്ന രാജൻ പല്ലനെതിരെ ഗാന്ധി നഗറിൽ വലിയ ഭീഷണിയല്ലെങ്കിലും വിമതൻ കളത്തിലുണ്ട്.