വരന്തരപ്പിള്ളി: പുഴയിൽ മീൻപിടിക്കാനുപയോഗിക്കുന്ന ചൂണ്ടകൾ വളർത്തുമൃഗങ്ങൾക്കും ഭീഷണിയാകുന്നു. വരന്തരപ്പിള്ളിയിൽ പശുക്കുട്ടിയുടെ വായിൽ കുടുങ്ങിയ ചൂണ്ടക്കൊളുത്ത് പുറത്തെടുത്തത് മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിൽ. വരന്തരപ്പിള്ളി ചേറോടൻ രാജന്റെ പശുക്കുട്ടിയാണ് പുല്ല് തിന്നുന്നതിനിടെ മീൻ പിടിക്കാനെത്തിയ ആരോ ഉപേക്ഷിച്ച ചൂണ്ടക്കൊളുത്തും അബദ്ധത്തിൽ അകത്താക്കിയത്. രാത്രിയോടെയാണ് വീട്ടുകാർ വിവരമറിഞ്ഞത്. തുടർന്ന് വരന്തരപ്പിള്ളിയിൽ നിന്നെത്തിയ വെറ്ററിനറി ഡോക്ടർ ഏറെനേരം പണിപ്പെട്ടിട്ടും ചൂണ്ടക്കൊളുത്ത് പുറത്തെടുക്കാനായില്ല. പിന്നീട് ചെങ്ങാലൂരിൽ നിന്നും വെള്ളിക്കുളങ്ങരയിൽ നിന്നും ഡോക്ടർമാരെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് വായിൽക്കുടുങ്ങിയ ചൂണ്ടക്കൊളുത്ത് പുറത്തെടുത്തത്. ഇതിനിടെ പശുക്കുട്ടിയുടെ വായും നാവുമെല്ലാം മുറിഞ്ഞിരുന്നു. വിദേശ നിർമ്മിതമായ ചൂണ്ടയാണ് മീൻ പിടിത്തത്തിനു ശേഷം കേടുപാട് മൂലം പുഴയരികിൽ ഉപേക്ഷിച്ചത്. ഇതാണ് പുല്ലിനൊപ്പം മിണ്ടാപ്രാണി അബദ്ധത്തിൽ അകത്താക്കിയത്.