തൃശൂർ : ബി.ജെ.പി സംസ്ഥാന വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണൻ മത്സരിക്കുന്ന കുട്ടൻകുളങ്ങരയും വർഷങ്ങളായി ബി.ജെ.പി ജയിക്കുന്ന പൂങ്കുന്നവും ഇപ്രാവശ്യം പോരാട്ടച്ചൂടിലാണ്. ശക്തമായ തിരിച്ചു വരവിന് ഒരുങ്ങി എൽ.ഡി.ഫും യു.ഡി.എഫും കളം നിറക്കുമ്പോൾ പോരാട്ടത്തിന് വീറും വാശിയും നിറയുകയാണ്.
മുൻ ഡിവിഷൻ കൗൺസിലർ ലളിതാംബിക സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് രംഗത്ത് വന്നെങ്കിലും മുതിർന്നനേതാക്കളെ ഇറക്കി പ്രശ്‌നം താത്കാലികമായി പരിഹരിച്ചാണ് ബി. ഗോപാലകൃഷ്ണൻ രംഗത്തിറങ്ങിയത്. കുട്ടൻകുളങ്ങരയിൽ നേരത്തെ യു.ഡി.എഫും എൽ.ഡി.എഫും വിജയിച്ചിട്ടുള്ളതാണെന്നത് മത്സരവീര്യം കൂട്ടുന്നുണ്ട്. മൂന്നിടത്തും മുന്നണി സ്ഥാനാർത്ഥികൾ മാത്രമേ രംഗത്തുള്ളൂ. പാട്ടുരായ്ക്കലിൽ കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റിലും തിരഞ്ഞെടുപ്പ് ചൂടിന് കുറവില്ല. ബി.ജെ.പിയും എൽ.ഡി.എഫും സീറ്റ് പിടിച്ചെടുക്കാമെന്ന വിശ്വാസത്തിലാണ് പ്രചാരണത്തിന് കോപ്പുകൂട്ടുന്നത്.
പൂങ്കുന്നം
ബി.ജെ.പി നഗരത്തിൽ ആദ്യമായി താമര വിടർത്തിയ ഡിവിഷനാണ് പൂങ്കുന്നം. വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് പലപ്പോഴും വിജയം. ഇത്തവണ സ്ഥിതി വ്യത്യസ്തമാകുമെന്ന് യു.ഡി.എഫും എൽ.ഡി.എഫും അവകാശപ്പെടുന്നു. ബി.ജെ.പി ജില്ലാ സെക്രട്ടറി ഡോ.വി. ആതിരയാണ് ബി.ജെ.പി സ്ഥാനാർത്ഥി. വനിതാ ഡിവിഷൻ ആയതോടെ ഡോ. ആതിരക്ക് നറുക്ക് വീഴുകയായിരുന്നു. കേരള വർമ്മ കോളേജിലെ അദ്ധ്യാപികയാണ് ആതിര. വി. രാവുണ്ണിയാണ് ഡിവിഷനെ പ്രതിനിധീകരിച്ചിരുന്നത്. ഡിവിഷൻ പിടിക്കാൻ യു.ഡി.എഫ് നിയോഗിച്ചിരിക്കുന്നത് മുൻ കൗൺസിലർ വത്സല ബാബുരാജിനെയാണ്. ഡിവിഷനിൽ ഏറെ വ്യക്തിബന്ധങ്ങൾ ഉണ്ടെന്നത് വോട്ടാകുമെന്ന് വത്സല ബാബുരാജ് പറയുന്നു. എൽ.ഡി.എഫ് സ്വതന്ത്രയായി പി. ഉഷ ടീച്ചറാണ് സ്ഥാനാർത്ഥി. കോർപറേഷൻ ഭരണത്തിന്റെ നേട്ടം ഇത്തവണ തങ്ങൾക്ക് അനുകൂലമാകുമെന്ന് എൽ.ഡി.എഫും അവകാശപ്പെടുന്നു.
കുട്ടൻകുളങ്ങര
2005 ൽ എൽ.ഡി.എഫും 2010 ൽ യു.ഡി.എഫും പ്രതിനിധീകരിച്ച ഡിവിഷൻ ആദ്യമായി ബി.ജെ.പിയുടെ കൈകളിലെത്തിച്ചത് ജെ. ലളിതാംബികയാണ്. ഇത് നിലനിറുത്തുന്നതിനായി ബി.ജെ.പി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണനെയാണ് കളത്തിലിറക്കിയത്. നിയമസഭയിലേക്കും ലോക്‌സഭയിലേക്കും മത്സരിച്ച പരിചയവും രാഷ്ട്രീയത്തിലെ സജീവ സാന്നിദ്ധ്യവും മുതൽക്കൂട്ടാകുമെന്ന് ബി.ജെ.പി കരുതുന്നു. മുൻ കൗൺസിലർ കെ.ആർ വിനോദിനെ തന്നെ കളത്തിലിറക്കിയാണ് എൽ.ഡി.എഫ് ഡിവിഷൻ തിരിച്ച് പിടിക്കാനുള്ള പ്രചാരണം നടത്തുന്നത്. 323 വോട്ടുകൾക്ക് തങ്ങൾക്ക് നഷ്ടപ്പെട്ട ഡിവിഷൻ പിടിച്ചെടുക്കാൻ നിയോഗിച്ചിരിക്കുന്നത് എ.കെ സുരേഷിനെയാണ്. മൂന്ന് മുന്നണികളും പൂർണ്ണസമയം വീടുകൾ കയറിയിറങ്ങിയുള്ള പ്രചാരണം സജീവമാക്കി കഴിഞ്ഞു.
പാട്ടുരായ്ക്കൽ
കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റാണ് പാട്ടുരായ്ക്കൽ. കഴിഞ്ഞ തവണ നടന്ന ശക്തമായ ത്രികോണ മത്സരത്തിൽ ജോൺ ഡാനിയേലാണ് വിജയം വരിച്ചത്. ഇത്തവണ ഡിവിഷൻ പട്ടികജാതി സ്ത്രീ സംവരണമാണ്. ദിവ്യ ദയാലിനെയാണ് ഇത്തവണ സീറ്റ് നിലനിറുത്താൻ യു.ഡി.എഫ് നിയോഗിച്ചത്. കെ.ജി കീർത്തന എൽ.ഡി.എഫിനായും എൻ.വി രാധിക എൻ.ഡി.എയ്ക്കായും മത്സരരംഗത്തുണ്ട്. മൂന്ന് പുതുമുഖങ്ങളുടെ മത്സരമാണ് പാട്ടുരായ്ക്കലിലെന്ന പ്രത്യേകതയും ഉണ്ട്.