gvr-eakadasi-ezhunellippu

ഗുരുവായൂർ: ഏകാദശി ദിനത്തിൽ കണ്ണനെ ദർശിക്കുന്നതിന് വ്രതശുദ്ധിയോടെ നിയന്ത്രണം പാലിച്ച് ഭക്തർ ഗുരുവായൂരിലെത്തി. സാധാരണ ഏകാദശി ദിനത്തിൽ ക്ഷേത്രത്തിൽ ദർശനത്തിനായി ജനലക്ഷങ്ങളാണ് എത്തുക. ഇത്തവണ കൊവിഡിനെ തുടർന്നുള്ള നിയന്ത്രണം നിലനിൽക്കുന്നതിനാൽ അയ്യായിരം പേർക്ക് മാത്രമാണ് ചുറ്റമ്പലത്തിൽ ദർശനം അനുവദിച്ചത്.

ക്ഷേത്രത്തിന് പുറത്തു നിന്നു ദർശനം നടത്തുന്നതിനായി നിരവധി ഭക്തർ ക്ഷേത്ര സന്നിധിയിലെത്തിയിരുന്നു. പുറത്ത് നിന്നും ദർശനം നടത്തുന്നതിനും നീണ്ട നിരയാണുണ്ടായത്. ഓൺലൈൻ വഴി ബുക്ക് ചെയ്തവർക്കായിരുന്നു അകത്തേക്കുള്ള പ്രവേശനം. ഏകാദശി തൊഴാനെത്തിയവർക്ക് പുറമെ 45 വിവാഹങ്ങളും ഇന്നലെ ക്ഷേത്ര സന്നിധിയിലുണ്ടായിരുന്നു. രണ്ട് ദിവസമായി തുറന്നിട്ടിരിക്കുന്ന ക്ഷേത്രനട ദ്വാദശി പണ സമർപ്പണത്തിനു ശേഷം ഇന്ന് രാവിലെ 8.30 ന് അടയ്ക്കും. പുലർച്ചെ നാലോടെയാണ് ദ്വാദശിപ്പണ സമർപ്പണം. സമർപ്പണം 8.30 വരെ തുടരും. ദ്വാദശി പണം സമർപ്പിക്കാനെത്തുന്നവർക്ക് തെക്കെ വാതിൽ വഴി പ്രവേശിച്ച് കൂത്തമ്പലത്തിന് മുന്നിലൊരുക്കിയ ഉരുളിയിൽ ദക്ഷിണ സമർപ്പിക്കാനാകും. കൂത്തമ്പലത്തിലേക്ക് പ്രവേശനമുണ്ടാകില്ല. നാളെ ത്രയോദശി ഊട്ടോടെയാണ് ഏകാദശി ചടങ്ങ് പൂർത്തിയാകുക.