ചാലക്കുടി: വലിയ സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് മേലൂർ ക്ഷീര സംഘം തുടക്കമിട്ട മത്സ്യം വളർത്തൽ പദ്ധതി ഒരുമാസം പിന്നിട്ടു. നടത്തുരുത്തിൽ നടന്നുവരുന്ന പുൽക്കൃഷിയോട് അനുബന്ധിച്ചാണ് മത്സ്യം വളർത്തലും. പാട്ടത്തിനെടുത്ത ഏഴേക്കറിൽ തീറ്റപ്പുൽക്കൃഷിയ്ക്കാണ് മുഖ്യസ്ഥാനം. ഇതിനിടയിൽ സ്വാഭാവികമായുള്ളതും പ്രത്യേകം തയ്യാറാക്കിയതുമായ 1.27 ഏക്കറിൽ വരാൽക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഇവയെല്ലാം മഴക്കാലത്തിനു മുമ്പ് പൂർണ്ണ വളർച്ചയിലെത്തും. ഇതിനിടെ പ്രജനനത്താൽ പെരുകുന്ന വരാൽ വർഗ്ഗത്തിന്റെ ആയിരക്കണക്കിന് കുഞ്ഞുങ്ങളെ ഇവിടെ നിന്നും അടുത്ത ഘട്ടം വളർച്ചയ്ക്കും ലഭിക്കും.
ഒരുപരിധിവരെ മലവെള്ളം എത്തിയാലും മത്സ്യങ്ങൾ ഒഴുകിപോകാതിരിയ്ക്കാനായി ബലമുള്ള അടിത്തട്ടും വലയും ഒരുക്കിയിട്ടുണ്ട്. അയ്യായിരം കുഞ്ഞുങ്ങളെയാണ് തോടുകളിൽ നിക്ഷേപിച്ചത്. അതിവർഷം സംഭവിച്ചില്ലെങ്കിൽ വീണ്ടും കുഞ്ഞുങ്ങളെ നിക്ഷേപിയ്ക്കാതെ തുടർച്ചയായ മത്സ്യക്കൃഷിയ്ക്കുള്ള സംവിധാനമാണ് നടത്തുരുത്തിലെ പാട്ടത്തിനെടുത്ത പാടത്ത് സംഘം നടത്തുന്നത്. മത്സ്യക്കൃഷിയിൽ ഒരുവിപ്ലവം സൃഷ്ടിയ്ക്കാൻ കഴിയുമെന്നാണ് മേലൂർ ക്ഷീര സംഘം ഭാരവാഹികൾ പ്രതീക്ഷിക്കുന്നത്.